മൂലമറ്റം: അയോധ്യയില്‍ ഇന്ന് ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് തുടക്കമാകുമ്പോള്‍, മൂലമറ്റത്ത് അറക്കുളം ദേവീക്ഷേത്രത്തിന് സമീപം പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന രണ്ട് ആല്‍മരങ്ങള്‍ക്ക് ഒരു പോരാട്ട വീര്യത്തിന്റെ സന്ദേശം പകരുവാനുണ്ട്. അയോധ്യയില്‍ ജീവന് ബലിയര്‍പ്പിച്ച രണ്ട് ധീരന്മാരുടെ സമര വീര്യത്തിന്റെ കഥ. ഈ ആല്‍മരങ്ങള്‍ക്ക് പേര് കോത്താരി സഹോദരങ്ങള്‍. 1992 ഡിസംബര്‍ 6ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവി പതാക ഉയര്‍ത്തുന്നതിനിടെ വെടിയേറ്റ് മരിച്ച ധീരരായ കോത്താരി സഹോദരങ്ങളുടെ പേര്.
ഈ പേര് കിട്ടിയത് അയോധ്യാ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ. പ്രക്ഷോഭം സജീവമായ കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ഒരു യൂണിറ്റ് അറക്കുളം കേന്ദ്രമാക്കി ആരംഭിച്ചു. ശിലാ പൂജകളും ശിലാസംഗമങ്ങളും നടത്തി ദേശീയ വികാരം സാധാരണക്കാരിലേക്കും എത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ഇവിടെയും ശ്രമിച്ചു. കളത്തില്‍ മന്മഥന് നായര്‍, ഗോപാലകൃഷ്ണ പണിക്കര്‍, കൂട്ട പൂവണിങ്കല് മോഹനന്, കരോളിന് പടിയ്ക്കല്‍ ഗോപി, മണകണ്ടത്തില്‍ ശശി, തകരം പറമ്പില്‍ ശിവന്‍കുട്ടി, കടപുഴയില്‍ അശോകന് തുടങ്ങിയവരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കോത്താരി സഹോദരങ്ങളായ റാം കോത്താരിയും, ശരത് കോത്താരിയും വെടിയേറ്റ് മരിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് പ്രക്ഷോഭരംഗത്തുള്ളവര്‍ കേട്ടത്. ഇവരുടെ ഓര്‍മ്മയ്ക്കായി വിശ്വഹിന്ദു പരിഷത്ത് യൂണിറ്റിന്റെ പ്രധാന ചുമതലയുള്ളവര്‍ ദേവീക്ഷേത്രത്തിന് സമീപം രണ്ട് ആല്‍ത്തൈകള്‍ നട്ടു. ഇതിന് കോത്താരി സഹോദരങ്ങള്‍ എന്ന് പേര് നല്‍കിയത്.
പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ പ്രക്ഷോഭത്തിന് ആഹ്ലാദത്തോടെയുള്ള പര്യവസാനവും ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കവും കുറിക്കുന്ന വേളയില്‍ അറക്കുളം ദേവീക്ഷേത്രത്തിന്റെ കല്പടവുകള്ക്ക് സമീപം തണല്‍ വിരിച്ച് നില്ക്കുന്ന ആല്‍മരങ്ങളുടെ ചരിത്രം അയോധ്യയുടെ മണ്ണില്‍ ജീവന് നല്കിയ സഹോദരങ്ങളുടെ ചരിത്രം കൂടിയാണെന്ന് പുതുതലമുറ അറിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: