ഹരിപ്പാട്: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ അടിസ്ഥാന ശിലയിടുമ്പോള്‍ കരുവാറ്റയെന്ന ഗ്രാമത്തിലെ കൊച്ചുവീടിന്റെ ഉമ്മറത്തിരിക്കുന്ന 83 കാരിയായ പൊന്നമ്മയുടെ മനസ്സ് അഭിമാനം കൊണ്ടു നിറയുന്നു, ഒപ്പം 28 വര്‍ഷത്തിനു മുന്‍പ് കര്‍സേവയ്ക്കായിപോയ ഭര്‍ത്താവിന്റെ മടങ്ങിവരവ് ഒരു മരീചികയായി മാറിയ മനസ്സിന്റെ നൊമ്പരവും.
1992 ഡിസംബര്‍ ആദ്യവാരത്തിലാണ് കരുവാറ്റ ഇടയ്ക്കാട്ട് തെക്കതില്‍ ശിവരാമകാര്‍ണവര്‍ സമീപപ്രദേശങ്ങളിലെ മറ്റു കര്‍സേവകരോടൊപ്പം അയോധ്യയിലേക്ക് യാത്ര തിരിച്ചത്. ഭാര്യ പൊന്നമ്മയേയും അഞ്ചുമക്കളെയും പോറ്റാന്‍ തയ്യല്‍ തൊഴില്‍ സ്വീകരിച്ച കാരണവര്‍ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്. കരുവാറ്റ പത്മവളവില്‍ ഗോപി, വെളളംകുളങ്ങര കൈലാസ് വിശ്വനാഥ്, പളളിപ്പാട് നീണ്ടൂര്‍ വ്യാസ മന്ദിരത്തില്‍ മോഹനന്, ചിങ്ങോലി പനയില്‍ കിഴക്കതില്‍ പി. പ്രദീപ്, പള്ളിപ്പാട് നീണ്ടൂര്‍ അരിവന്നൂര്‍മഠത്തിലെ കൃഷ്ണനുണ്ണി, കുമാരപുരം ഇടക്കണ്ണംപള്ളില്‍ ചാമ്പപ്രയില്‍ പ്രസന്നന് എന്നിവരായിരുന്നു സംഘത്തിലെ മറ്റു ചില കര്‍സേവകര്‍.
അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് എത്തിയ ഇവരെ അവിടെ വച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തില്‍ പടിഞ്ഞാറെ പത്മവള്ളില്‍ ഗോപിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 14 ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുളള തയാറെടുപ്പില്‍ കാരണവരെ മറ്റുളളവര്‍ക്ക് കണ്ടെത്താനായില്ല. കാരണവരില്ലാതെ അവര്‍ മടങ്ങി.
കൈലാസ് വിശ്വനാഥും, പ്രദീപും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണവര്‍ ഇന്നു ജീവിച്ചിരിക്കുന്നുവെങ്കില്‍ പ്രായം 88 കഴിഞ്ഞിരിക്കും. ഗൃഹനാഥന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആദ്യമൊക്കെ പൊന്നമ്മയും മക്കളും മുന്നോട്ടുപോയെങ്കിലും നഷ്ടബോധത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ പതിയെ തിരിച്ചറിഞ്ഞു. ധര്‍മ്മം ജയിക്കുമെന്നുളള നിശ്ചയദാര്‍ഡ്യവും ആ അമ്മയ്ക്കുണ്ടായിരുന്നു. മക്കളെ ഏറെ കഷ്ടപ്പെട്ടാണ് പൊന്നമ്മ വളര്‍ത്തിയത്.
മക്കളെല്ലാം വിവാഹം കഴിഞ്ഞ് മാറിത്താമസമായി. അഞ്ച് ആണ്മക്കളില് നാലാമത്തെ മകന് ഉണ്ണിയോടൊപ്പമാണ് 83 കാരി പൊന്നമ്മയുടെ താമസം. മക്കളെ വളര്‍ത്താനായി അവര്‍ വീട് വിറ്റിരുന്നു. ഭര്‍ത്താവിന്റെ സ്മരണ ഉയര്‍ത്താനായി കുടുംബത്ത് ഒരു കൊച്ചുമുറി പണിയണം. അവിടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന കാലം ജീവിക്കണമെന്നാണ് പൊന്നമ്മയുടെ മോഹം. ഈ ആഗ്രഹം സഫലീകരിക്കാന്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ടു വരുമെന്നാണ് ഈ അമ്മയുടെ ഇപ്പോഴത്തെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: