1990 ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്ത് നിശ്ചയിച്ച കര്‍സേവയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ടി കേരളത്തില്‍ നിന്നും മൂന്നു പേരാണ് പുറപ്പെട്ടത്. അതിലെ ഒരാളായിരുന്നു ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സഹ കാര്യവാഹായിരുന്ന, ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ. രാജശേഖരന്. തിരുവനന്തപുരം ശ്രീവരാഹത്ത് താമസിക്കുന്ന കെ. രാജശേഖരന് അയോധ്യയിലേയ്ക്കുള്ള അന്നത്തെ യാത്രയെക്കുറിച്ച് പറയുന്നു.
മൂന്നു പേരെയാണ് അന്ന് അയോധ്യയിലേയ്ക്ക് നിയോഗിച്ചത്. ആര്‍എസ്എസ് പ്രാന്ത പ്രചാരകനായിരുന്ന എ. ഗോപാലകൃഷ്ണന് ചേട്ടന്, മുതിര്‍ന്ന പ്രചാരകനായിരുന്ന വി.കെ വിശ്വനാഥന് (വിശ്വംപാപ്പ), എന്നിവര്‍ക്കൊപ്പം ഞാനും. എറണാകുളത്ത് നിന്നാണ് യാത്ര തിരിച്ചത്. അയോധ്യയിലെ ഭരിതാബാധ് റെയില്‍വേ സ്റ്റേഷനിലിറങ്ങി.
അന്യ ദേശക്കാരാണെന്ന് തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നതിനാല്‍ പൈജാമയും കുര്‍ത്തയുമാണ് ധരിച്ചത്. താമസിച്ചിരുന്ന ലോഡ്ജ് പോലീസ് നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചപ്പോള്‍ ഒരു റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടറുടെ വീട്ടിലേക്ക് ഞങ്ങളെ മാറ്റി. അവിടെയും പോലീസ് വളഞ്ഞതോടെ അയോധ്യയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലേയ്ക്ക് മാറി. അടുത്ത ദിവസം രാവിലത്തെ യോഗത്തിനു ശേഷം കേരളത്തില്‍ നിന്നെത്തുന്ന കര്‍സേവര്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ ഗ്രാമങ്ങളിലേയ്ക്ക് പോയി.
വിശ്വംപാപ്പ സമേതു എന്ന ഗ്രാമത്തിലും ഗോപാലകൃഷ്ണേട്ടന്‍ പൂജാ ഭയര്‍മാന്‍ എന്ന ഗ്രാമത്തിലും എന്നെ നരിയാമ എന്ന ഗ്രാമത്തിലും നിശ്ചയിച്ചു. ഞങ്ങള്‍ അയോധ്യ കാണാന്‍ പോയി. ദൂരെ നിന്ന് ക്ഷേത്ര ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ആയിരത്തോളം കര്‍സേവകര്‍ ഓരോ ഗ്രാമത്തിലും വരുമെന്നായിരുന്നു ലഭിച്ചിരുന്ന വിവരം. ഓരോ ഗ്രാമത്തിലും മരച്ചുവട്ടിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ഗ്രാമങ്ങളില്‍ നിന്ന് ഭക്ഷണം എത്തിച്ചു.
ഇതിനിടെ വിശ്വംപാപ്പ താമസിച്ചിരുന്ന ഗ്രാമത്തില്‍ പോലീസ് എത്തിയെങ്കിലും അതിസാഹസികമായി അവിടത്തെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂജാ ഭയര്‍മാന്‍ ഗ്രാമത്തിലേക്ക് മാറ്റി. ആ സമയത്താണ് കര്‍സേവകരെ പലയിടത്തും തടഞ്ഞ് അറസ്റ്റ് ചെയ്തെന്ന് അറിയുന്നത്.
അയോധ്യയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹം മറക്കാില്ല. ഒരു രാത്രി താമസിച്ചിരുന്ന വീട് പോലീസ് വളഞ്ഞു. അപ്പോള്‍ അവിടെയുള്ളവര്‍ സ്ത്രീകള്‍ മാത്രം കഴിയുന്ന മുറിയിലേയ്ക്ക് മാറ്റി. അവിടെ പോലീസ് കയറില്ല എന്ന വിശ്വാസത്തിലായിരുന്നു അത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പുറപ്പെട്ടവര്‍ക്ക് അയോധ്യയിലെത്താനായില്ല. വഴിയില്‍ എല്ലാവരേയും അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് അയോധ്യയിലേയ്ക്ക് പുറപ്പെടാന്‍ തയാറായിരുന്ന ഗ്രാമവാസികളെയും കൊണ്ട് രാത്രി ഞങ്ങള്‍ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കര്‍സേവ നടക്കുമോ എന്ന് തന്നെ സംശയിച്ചു. ക്ഷേത്രത്തില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജ്ജില്‍ നിന്ന് രക്ഷപ്പെട്ടു മാറിയപ്പോഴാണ് വെടിയൊച്ച കേട്ടത്. കാവി പതാകയുമേന്തി അയോധ്യയിലേയ്ക്ക് കയറിയ കര്‍സേവകരെയാണ് പോലീസ് വെടിവച്ചത്. തൊട്ടുപിന്നാലെ വെടിയേറ്റ് മരിച്ച കര്‍സേവകനെ ഉന്തുവണ്ടിയില്‍ അവിടെ നിന്നും കൊണ്ടുപോയി. ആ സമയം അന്തരീക്ഷം മാറി. അയോധ്യ പോലീസ് സ്റ്റേഷനിലേയ്ക്ക് കര്‍സേവകര്‍ മാര്‍ച്ച് നടത്തി. അപ്പോഴാണ് അശോക്സംഘാള്‍ജി മൂവായിരത്തോളം കര്സേവകരുമായി മുന്നോട്ടു വന്നത്. ഗ്രാമത്തിലേയ്ക്ക് തിരികെ ചെന്നപ്പോള്‍ അവിടത്തെ അമ്മമാര്‍ ആശങ്കപ്പെട്ടു. രാമന്റെ കാര്യത്തിന് വേണ്ടി വന്നവര്‍ക്ക് എന്തെങ്കിലും അനിഷ്ടം സംഭവിച്ചോ എന്നായിരുന്നു അവരുടെ ആശങ്ക.
ഇന്ന് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ ഒരു യജ്ഞത്തിന്റെ പൂര്‍ത്തീകരണം എന്നതിന്റെ ആവേശമാണിപ്പോള്‍. അന്നത്തെ കര്‍സേവര്‍ക്കൊപ്പം ഒരിക്കല്‍ക്കൂടി അയോധ്യയിലേയ്ക്ക് പോകണമെന്നും ആഗ്രഹമുണ്ട്.
കെ. രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: