ന്യൂദല്‍ഹി : അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം ചൈന വര്‍ധിപ്പിച്ചത് സംബന്ധിച്ച് ഉന്നതതല സമിതി അടിയന്തിര യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സൈനിക വൃത്തങ്ങള്‍ തമ്മിലുള്ള കരാര്‍ ചൈന നിരന്തരം ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം.
ചൈനയുമായി കമാന്‍ഡര്‍തല ചര്‍ച്ചകളുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായതിന് ശേഷം കൂടിയാണ് യോഗം നടക്കുന്നത്. ലെഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലാണ് ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവില്‍ വച്ച് ചര്‍ച്ച നടത്തിയത്. ഇന്ന് ചേരുന്ന അടിയന്തിര യോഗത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന് മുമ്പ് കരസേനാ മേധാവി എം.എം.നരവനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ കരസേന മാധാവി പ്രതിരോധമന്ത്രിയുമായി പങ്കുവെയക്കും.
ചൈനയുടെ വിദേശകാര്യമന്ത്രിയുമായി അജിത് ഡോവലാണ് ജൂണ്‍ 15ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം സംസാരിച്ചത്. അതുപ്രകാരം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോമിറ്ററിനപ്പുറത്തേയ്ക്ക് മാറണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ചൈന അത്തരം നീക്കങ്ങളില്‍ ധാരണകള്‍ ലംഘിക്കുന്നുവെന്ന വാര്‍ത്തകളാണ് സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടത്.
അതിര്‍ത്തിയിലെ പാങോങ് തടാക മേഖലയിലാണ് ചൈന സൈനിക സാന്നിദ്ധ്യം കൂട്ടിയിരിക്കുന്നത്. പാങോങ് തടാകക്കരയിലെ ഫിംഗര്‍ 4 മേഖലയില്‍ നിന്നും ധാരണ പ്രകാരം ചൈന സൈന്യത്തെ പിന്‍വലിക്കേണ്ടതാണ്. എന്നാല്‍ അതിന് ഇനിയും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ത്യ അടിയന്തിര യോഗം ചേരുന്നത്. ഉന്നത പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: