ന്യൂദല്‍ഹി: യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാണികള്‍ക്ക് മത്സരം നേരിട്ട് വീക്ഷിക്കാന്‍ അവസരം ലഭിച്ചേക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചു.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മുപ്പത് മുതല്‍ അമ്പത് ശതമാനം വരെ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ഉസ്മാനി പറഞ്ഞു.
യുഎഇയിലെ മൂന്ന് വേദികളിലായി സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുഎഇ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ഐപിഎല്‍ ഭരണ സമിതി ചെയര്മാന് ബ്രിജേഷ് പട്ടേല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മത്സര തീയതി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് ഐപിഎല്‍ യുഎഇയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: