ഭാരതീയ പൈതൃകത്തിന്റെ ആത്മീയജ്വാല നവോത്ഥാനത്തിന്റെ യജ്ഞാഗ്നിയായി മാറിയത് പ്രധാനമായും ദക്ഷിണ ഭാരതത്തിലാണ്. ബുദ്ധ, ജൈനമതങ്ങളുടെ പ്രചുരപ്രചാരം ഹൈന്ദവധര്‍മ വിശ്വാസ പ്രമാണങ്ങളെ യഥാര്‍ഥത്തില്‍ ഇളക്കി വച്ചുറപ്പിക്കാനാണ് ഇടയായതെന്ന് പില്ക്കാല ചരിത്രത്തിന് അവകാശപ്പെടാം. എങ്കിലും ആര്ഷധര്മത്തിരി താല്‍ക്കാലികമായെങ്കിലും താഴ്ന്നു പോയാലോ എന്ന സന്ദേഹത്തില്‍ മഹാസംന്യാസിമാരും മുനിസമാനന്മാരായ കവികളും നിഷ്കാമകര്‍മികളായ സമാജ പ്രവര്‍ത്തകരും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ സാഫല്യമാണ് പൗരാണിക സംസ്കൃതിയുടെ നവോത്ഥാന ദശ.
ഭാരതീയ തത്വചിന്താപദ്ധതിയുടെ പരമപ്രമാണങ്ങളും പ്രായോഗിക ജീവനസങ്കല്പ്പങ്ങളുമാണ് അവര്‍ വിടര്ത്തിയെടുത്തത്. കലാസാഹിത്യ സംഗീതവും സദ്സംഗവും ത്യാഗപൂര്‍ണമായ കര്‍മങ്ങളുമായി അവര്‍ സംസ്കൃതിയെ പുനഃസൃഷ്ടിക്കുകയായിരുന്നു. അദൈ്വതവേദാന്തത്തിന്റെ പ്രായോഗിക സാക്ഷാത്ക്കാരമാണ് അതിന്റെ സദ്ഫലം. വൈഷ്ണവ, ശൈവ സിദ്ധാന്തങ്ങള്‍ വേര്‍തിരിഞ്ഞ് പ്രവര്‍ത്തിച്ചെങ്കിലും പില്ക്കാലം അവയുടെ ലക്ഷ്യസമന്വയം നവോത്ഥാനധാരയുടെ പ്രവാഹത്തിന് ഊര്‍ജമാവുകയായിരുന്നു.
വൈഷ്ണവ സിദ്ധാന്തവുമായി ആഴ്വാര്‍മാരും ശൈവപ്പൊരുളുമായി നായന്മാരും നേതൃനിരയില്‍ നക്ഷത്രത്തിളക്കം സൃഷ്ടിച്ചു. വൈഷ്ണവഭക്തിയുടെ ലഹരിഗീതകങ്ങളുമായി പന്ത്രണ്ട് ആഴ്വാര്മാരുണ്ടായിരുന്നു. ഇവരുടെ നാലായിരം സ്തുതി ഗീതകങ്ങള്‍ ‘പാസുര’ങ്ങളായി രചന സാധിച്ചതാണ്. ശൈവഭക്തി വിഭൂതി പ്രചരിപ്പിച്ചത് അറുപത്തിമൂന്ന് നായന്മാരാണ്. പതിനൊന്ന് ‘തിരുമുറൈ’കളിലായി ഇവ പില്ക്കാലത്ത് സമാഹരിച്ചിട്ടുണ്ട്. വിഷ്ണു വിഭൂതിയുടെ ഈ ‘പന്തിരുകുല’ത്തില്‍ ഏക കേരളീയനെന്ന ബഹുമതി മുദ്രയാണ് കുലശേഖര ആഴ്വാര്‍ക്ക് ചാര്‍ത്തിക്കിട്ടുന്നത്.
കുലശേഖര ഭരണത്തിന്റെ പൂര്വഘട്ടമായ ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ ചരിത്രത്തിലെ ‘സുവര്‍ണയുഗ’മെന്നും ഗവേഷകര്‍ രേഖപ്പെടുത്തിയത് നാടിന്റെ സര്‍വ്വതോമുഖമായ വികസനവും സാമൂഹ്യോത്കര്ഷവും മുന്‍നിര്‍ത്തിയാണ്. തിരുവഞ്ചിക്കുളം സ്വദേശിയായ കുലശേഖര ആഴ്വാരുടെ പിതാവ് ചേരരാജാവായ ദൃഢവ്രതനാണ്. യഥാകാലം അധികാരമേറ്റെടുത്ത കുലശേഖര ആഴ്വാര്‍ ഭരണതലത്തിലും ആയോധനവിദ്യയിലും പ്രശോഭിച്ചു. ചോളരാജാക്കന്മാരേയും പാണ്ഡ്യരാജാക്കന്മാരേയും യുദ്ധത്തില്‍ പരാജയപ്പെടുത്തിയ അദ്ദേഹം വിവാഹം ചെയ്തത് പാണ്ഡ്യ രാജകുമാരിയെയാണ്. സംഭവബഹുലമായിരുന്നു കുലശേഖര ആഴ്വാരുടെ ശ്രദ്ധേയമായ ജീവിതം. കാലം കടന്നു പോകവേ ഇഹലോക വിരക്തനായ രാജാവ് വിഷ്ണുഭക്തിയുടെ വിശ്രുത ശ്രേണിയില്‍ പ്രവേശിച്ച് ആത്മീയോപാസനയില് മുഴുകുകയായിരുന്നു.
രാജ്യഭാരം പുത്രനു നല്കി ശ്രീരംഗനാഥസന്നിധിയിലെത്തി. ഉപാസനാകാലം പിന്നിടവേ വീണ്ടും തീര്‍ഥാടനത്തിനിറങ്ങി. യാത്രയ്ക്കൊടുവില്‍ തിരുനെല്‍വേലിക്കടുത്തുള്ള മാന്നാര്‍ കോവിലിലെത്തി രാജഗോപാലസ്വാമിയെ ആരാധിച്ച് ഏറെനാള്‍ കഴിയുകയായിരുന്നു. ‘പെരുമാള്‍ തിരുമൊഴി’, ‘മുകുന്ദമാല’ എന്നീ പ്രകൃഷ്ട രചനകളാണ് ആഴ്വാരുടെ മുഖ്യസംഭാവന. ഭാവഭാസുരമായ നൂറ്റിയഞ്ച് പാസുരങ്ങളടങ്ങിയ ഭക്തിയുടെ പാലാഴിയാണ് പെരുമാള്‍ തിരുമൊഴി. വൈഷ്ണവരുടെ വേദഗ്രന്ഥം തന്നെയാണ് മുപ്പത്തിനാല് ഗീതകങ്ങളുള്ക്കൊള്ളുന്ന ‘മുകുന്ദമാല’.
അറുപത്തിയേഴാം വയസ്സിലാണ് ആഴ്വാര്‍ വിഷ്ണുലോകം പ്രാപിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുമിറ്റിക്കോട് ക്ഷേത്രത്തെ ആഴ്വാര്‍ പാസുരത്തില് പാടിപ്പുകഴ്ത്തുന്നുണ്ട്. ശ്രീരംഗം ക്ഷേത്രത്തിലെ സ്തംഭത്തെയും കന്യാകുമാരി ജില്ലയിലെ തക്കലയിലുള്ള കേരളപുരം ക്ഷേത്രമുഖമണ്ഡപത്തെയും അലങ്കരിക്കുന്ന ആഴ്വാരുടെ ശില്പ്പവിഗ്രഹം ചൈതന്യധന്യമായ ഒരു കാലഘട്ടത്തിന്റ നേര്‍സാക്ഷ്യമാണ്. രണ്ടാം ചേരസാമ്രാജ്യ സ്ഥാപകനെന്നതിനപ്പുറം വിഷ്ണുവിഭൂതിയുടെ മഹാസാമ്രാജ്യാധിപതിയായിരുന്നു ഈ ഋഷിപ്രതിഭ. ആ രാമസ്തുതിഗീതകങ്ങള് സമൂഹത്തില്‍ കോദണ്ഡഞാണൊലിയായി പെയ്തിറങ്ങി. ഭക്തിഭാവത്തിന്റെ പാഞ്ചജന്യമാണ് ആഴ്വാരുടെ സൂക്തികളും ഭാവഗീതികളും. കേരളീയ ഹൃദയത്തെ ആര്ഷസംസ്കൃതിയുമായി വിളക്കിച്ചേര്‍ത്ത ആ മുനിഹൃദയം അതീത കാലത്തിന്റെ മഹാസ്പന്ദമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: