ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടപ്പോള്‍ സ്മാരകത്തിന്റെ ഉടമയായ സിപിഎമ്മിനും പ്രതികള്‍ക്കും ഒരേപോലെ സന്തോഷം.
പുനരന്വേഷണത്തിനും അപ്പീല്‍ നല്‍കുന്നതിനും സിപിഎമ്മും ഇടതു സര്‍ക്കാരും തയാറല്ല. കേസിന്റെ വിധി ഇങ്ങനെയായിരുക്കുമെന്ന് പാര്‍ട്ടിക്ക് നേരത്തെ ധാരണയുണ്ടായിരുന്നു എന്നും, പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.
അവിഭക്ത പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതിന്റെ ബാധ്യത ഭരണകക്ഷിയുമായ സിപിഐക്കുമുണ്ട്. എന്നാല്‍ അവരും മൗനം പാലിക്കുകയാണ്.
കേസിലെ ഒന്നാം പ്രതിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി. എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന് കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെടുമ്പോഴാണ് സിപിഎമ്മും സിപിഐയും മൗനം പാലിക്കുന്നതെന്നതാണ് വിചിത്രം.
സ്മാരകം തകര്‍ത്തപ്പോള്‍ സിപിഎം പോലീസില്‍ പരാതി പോലും നല്കാന് തയാറായില്ല. കേസില്‍ കോടതിയിലെ വിചാരണ ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ നല്കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്മാരകം തകര്‍ത്തതിലൂടെ കഞ്ഞിക്കുഴിയിലെ വിഎസ് അനുകൂലികളെ ഒതുക്കാനും കഴിഞ്ഞു. പിന്നീട് കോടതി കുറ്റവിമുക്തരാക്കിയതോടെ സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമായതായി മേനി നടിക്കാനും സാധിച്ചു എന്നതാണ് ഇതിന് പിന്നിലെ ഗൂഢാലോചന എന്ന് ആക്ഷേപമുണ്ട്.
കൃഷ്ണപിള്ളയുടെ സ്മാരകമായി സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചു സിപിഎം വിലയ്ക്കു വാങ്ങിയ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തു വീട് ഇപ്പോഴും അവഗണനയിലാണ്. ലക്ഷങ്ങള്‍ മുടക്കി മന്ദിരം നവീകരിച്ചു സംരക്ഷിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
കൃഷ്ണപിള്ളയുടെ പ്രതിമ സംരക്ഷിക്കാനോ, പ്രതികളെ കോടതി നടപടികളിലൂടെ ശിക്ഷിക്കാനോ, കഴിഞ്ഞില്ലെങ്കിലും അണികളെ കബളിപ്പിക്കാന്‍ സ്മാരക വളപ്പില്‍ ഏതാനും വര്‍ഷങ്ങളായി പച്ചക്കറികൃഷിയുടെ വിത്തിടലും വിളവെടുപ്പും ആഘോഷമായി നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: