കാസര്‍കോട്: ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ കവുങ്ങിന് മഹാളിരോഗവും കുരുമുളകിന് ദ്രുതവാട്ടവും പൊട്ടിപ്പുറപ്പെടാന്‍ അനുകൂലമായ കാലാവസ്ഥയാണുള്ളത്. ഈ വര്‍ഷം നല്ലതോതില്‍ വേനല്‍മഴ ലഭിച്ചത് രോഗകാരികളായ കുമിളിന്റെ ബിജങ്ങള്‍ നേരത്തേ തന്നെ മുളയ്‌ക്കാനും വര്‍ദ്ധിക്കാനും സഹായകമായ കാലാവസ്ഥയൊരുക്കിയിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് കാര്‍ഷിക കോളേജിലെ അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍.സുരേഷ് പറഞ്ഞു.
അതുകൊണ്ട് സാധാരണയായി ആഗസ്ത് മൂന്നാം ആഴ്ച പൊട്ടിപ്പുറപ്പെടാറുള്ള ഫൈറ്റോഫ്‌ത്തോറ രോഗങ്ങള്‍ ഇപ്രാവശ്യം അല്‍പ്പം നേരത്തേ തന്നെ വരാനും ദീര്‍ഘകാലം നീണ്ടു നിന്ന് കൂടുതല്‍ നാശനഷ്ടം വരുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് കൃഷിക്കാര്‍ ആവശ്യമായ മുന്‍കരുതലകളെടുക്കണം. പറമ്പുകളില്‍ തണല്‍ കുറച്ച് കാറ്റും വെയിലും കയറുവാന്‍ സൗകര്യമുണ്ടാക്കണം, നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. മണ്ണിന്റെ പുളിരസം കുറക്കുവാന്‍ ഡോളോമൈറ്റോ കുമ്മായമോ ഇട്ടിട്ടില്ലെങ്കില്‍ അത് ഉടന്‍തന്നെ ഇട്ടുകൊടുക്കണം.
ഒരു കവുങ്ങിന്/കുരുമുളക് കാലിന് കുറഞ്ഞത് അരക്കിലോ വീതം ഇട്ടുകൊടുക്കണം. മണ്ണില്‍കൂടി പടരുന്ന കുരുമുളക് തലകള്‍ മുകളിലേക്ക് കെട്ടിക്കേറ്റിക്കൊടുക്കണം. ഒരുശതമാനം ബോര്‍ഡോ മിശ്രിതമോ പൊട്ടാസ്യം ഫോസ്‌ഫൊണേറ്റ് 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അടക്കാകുലകള്‍ക്കും, കുരുമുളക് വള്ളികള്‍ക്കും നന്നായി അടിച്ചു കൊടുക്കണം. വള്ളിച്ചുവട്ടില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ ലായനിയുണ്ടാക്കി കുതിര്‍ക്കണം. മലയോര പ്രദേശങ്ങളില്‍ തെങ്ങിന് കൂമ്പുചീയല്‍ പടരുന്നതിന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തെങ്ങിന് വര്‍ഷത്തിലും ഡോളോമൈറ്റ്/കുമ്മായം ഒരു കിലോ തോതിലെങ്കിലും ഇട്ടുകൊടുക്കണം. ഇതുവരെ ഇടാത്ത തോട്ടങ്ങളില്‍ ഇത്തവണ 3-4 കിലോ കൊടുത്തശേഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ മെയ് മാസത്തില്‍ ഒരു കിലോ തോതില്‍ ഇട്ടുകൊടുക്കണം. ജൈവരാസവളങ്ങളും, മഗ്‌നീഷ്യം സള്‍ഫേറ്റും, സൂക്ഷ്മമൂലക മിശ്രിതവും കൊല്ലത്തിലും ഇട്ടുകൊടുക്കണം. കൂടാതെ മാന്‍കോസെബ്ബ് പൊടി രണ്ട് ഗ്രാം ഒരു പോളിത്തീന്‍ കവറില്‍ കെട്ടി മൊട്ടുസൂചികൊണ്ട് 3-4 ദ്വാരമിട്ട് കൂമ്പോലയില്‍ കെട്ടിവെക്കുന്നതും ഫലപ്രദമാണ്. കവുങ്ങിന്‍ തോട്ടങ്ങളില്‍ വലിയ അടക്കകള്‍ പൊഴിയുന്നതും കാണപ്പെടുന്നുണ്ട്. നീര്‍വാഴ്ച മെച്ചപ്പെടുത്തുക, 200, 250 ഗ്രാം പൊട്ടാഷ്, 100 ഗ്രാം അയര്‍ സൂക്ഷ്മമൂലകമിശ്രിതം എന്നിവ ഇട്ടുകൊടുക്കുകയെന്നത് ഇതിന് ഫലപ്രദമാണെന്ന് അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍.സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: