മംഗളൂരു: ലോകപ്രശസ്ത ബ്രാന്റായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്. സിദ്ധാര്‍ത്ഥ ഉള്ളാള്‍ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പാലത്തില്‍ നിന്ന് നേത്രാവദി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി (സൗത്ത്) അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് 2019 ആഗസ്ത് 26ന് സമര്‍പ്പിച്ചിരുന്നു.
സിദ്ധാര്‍ത്ഥ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഈ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ആദായനികുതി വകുപ്പിന്റെ വേട്ടയാടല്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ സിദ്ധാര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിട്ടയേര്‍ഡ് ഡയറക്ടര്‍ അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ കഫേ കോഫി സ്ഥാപനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വന്തം കമ്പനികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു.
ആത്മഹത്യയ്ക്ക് നാല് ദിവസം മുമ്പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മുഴുവന്‍ ഉത്തരവാദിത്തവും വഹിച്ചിരുന്നു. താന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആഴത്തിലുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്ന തിരക്കിലായതിനാല്‍ സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉള്ളാള്‍ പാലത്തില്‍ നിന്ന് എട്ട് പേര് നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തില്‍ ഇപ്പോള്‍ 58 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ വേലി നിര്‍മ്മിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: