തിരുവനന്തപുരം: ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുമതി നല്‍കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ അനധികൃത നിയമനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും ഡെപ്യൂട്ടേഷന് വഴി ഒഴിവ് നികത്താന്‍ തീരുമാനിക്കും മുമ്പ് അവരുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്കിയപ്പോള് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി.
സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ പ്രോജക്ട് അസിസ്റ്റന്റിനുള്ള അടിസ്ഥാന യോഗ്യ എന്‍വയോണ്‍മെന്റില്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എംടെക്കോ ആണ്. ഓണറേറിയമായി 32,300 രൂപയും ലഭിക്കും. 2019 മെയ് 8ന് ആണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും രണ്ടുപേരെ ഡെപ്യൂട്ടേഷനില്‍ എടുക്കാന്‍ തീരുമാനിച്ചത്.
അതനുസരിച്ച് ജിതിമോന്‍ പി.എസ് എന്നയാളെയും പിഎച്ച്ഡി യോഗ്യതയുള്ള മറ്റൊരാളെയും നിയമിച്ചു. എന്നാല്‍ 2019 മാര്‍ച്ച് മുതല്‍ ജതിന്മോന് എസ്ഇഐഎഎയില് ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ക്ക് ബിരുദം മാത്രമാണ് യോഗ്യതയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥയുടെ പ്രത്യേക താത്പര്യത്തിലായിരുന്നു നിയമനമെന്ന് ഇതോടെ തെളിഞ്ഞു.
ബിരുദ യോഗ്യത മാത്രമുള്ള ജിതിന്‍മോന്റെ ശമ്പളം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ അഡ്മിനിസ്ട്രേറ്റര്‍ മിനിമോള്‍ 2019 മെയ് 17ന് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. പ്രോജക്ട് അസിസ്റ്റന്റിനുള്ള ശമ്പളം, ബിരുദം മാത്രമുള്ള ആള്‍ക്ക് എങ്ങനെ നല്‍കുമെന്ന് ചോദിച്ചായിരുന്നു കത്ത്.
ജിതിന്‍മോന്റെ നിയമനം ഡെപ്യൂട്ടേഷന് അല്ലെന്നും പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കണമെന്നും സെക്രട്ടറി കുറിപ്പെഴുതി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ സെക്രട്ടറി വീണ്ടും കത്തയച്ചു. ഡെപ്യൂട്ടേഷനില്‍ എവിടെ നിന്നാണോ വരുന്നത് അവിടുത്തെ ശമ്പളം നല്‍കുക എന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ യോഗ്യത സംബന്ധിച്ചും ആരാഞ്ഞു. അതിന് ഭീഷണിയുടെ സ്വരത്തിലായിരുന്നു സെക്രട്ടറി മറുപടി എഴുതിയത്.
ജിതിന്മോനെ ഡെപ്യൂട്ടേഷനില്‍ എടുത്തതല്ലെന്ന് ആവര്‍ത്തിച്ച അവര്‍ അയാള്‍ ഇനിയും പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമെന്ന് പറഞ്ഞു. ടെക്നിക്കല്‍ കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്കി. ഒപ്പം പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 2019 മാര്‍ച്ച് മൂന്നുമുതലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം ജിതിന്മോന് അനുവദിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് 2019 ജൂലൈയിലെ സര്‍ക്കാരുത്തരവ് അനുസരിച്ച് ഈ തസ്തികയിലെ ശമ്പളം 35,500 ആക്കുകയും ചെയ്തു.
പിഎച്ച്ഡി അടക്കം യോഗ്യത ഉള്ളവര്‍ ജോലിചെയ്യുന്ന തസ്തികയിലാണ് യോഗ്യത ഇല്ലാത്തയാളെ നിയമിച്ചത്. ഡെപ്യൂട്ടേഷന് വ്യവസ്ഥകളും ലംഘിച്ചു. ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അടക്കം അനുമതി നല്‍കേണ്ട വകുപ്പില്‍ അഴിമതിക്ക് വേണ്ടിയാണ് ഇഷ്ടക്കാരെ നിയമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: