കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുവാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഞായറാഴ്ചകളിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ഞായറാഴ്ചകളിൽ പാൽ, പത്രം, മരുന്ന് കടകൾ, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികൾ, പഞ്ചായത്തിൽ നിന്നും ലൈസൻസ് നൽകിയിട്ടുള്ള മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തിക്കു. ഓട്ടോ, ടാക്സി വാഹനങ്ങൾ വൈകുന്നേരം ഏഴ് മണിക്ക് ശേഷം നിരത്തിൽ ഇറങ്ങുവാൻ പാടില്ല. വ്യാപാര സ്ഥാപങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.
വിവാഹം മരണാനന്തര പൊതുചടങ്ങുകൾ നടത്തുന്നതിന് മുന്നോടിയായി ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രേഖാമൂലം അറിയിപ്പ് നൽകി അനുമതി വാങ്ങണം. ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃതമായി ആട് മാടുകളെ കശാപ്പ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇവ നിരോധിച്ചിട്ടുള്ളതാണ്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ 65 വയസിന് മുകളിൽ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും വീടിന് ഉളളിൽ തന്നെ കഴിയണം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇരട്ടയാർ ടൗണിലും ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് മത്സ്യം ഉൾപെടെയുള്ള വസ്തുക്കൾ വിൽപന നടത്തുന്നത് നിരോധിച്ചു.
തൊഴിൽ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം, കൈയ്യുറ, ബൂട്ട് എന്നിവ ധരിക്കേണ്ടതുമാണ്. നിയന്ത്രണങ്ങൾ പാലിക്കാതെ പഞ്ചായത്തിന്റെ വിവിധ വിവിധ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പിഴ ശിക്ഷ ഉൾപെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഈ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നതിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: