കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് വന്നതോടെ വാടക വിതരണ മേഖല പ്രതിസന്ധിയില്‍. പന്തല്‍, അലങ്കാരം, ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഇപ്പോള്‍ തീര്‍ത്തും ദുരിതത്തിലാണ്. ജില്ലയിലെ 650ല്‍പരം ഉടമകളും ആയരിക്കണക്കിന് തൊഴിലാളികളും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണിപ്പോള്‍.
മൂന്ന് മാസക്കാലം പൂര്‍ണമായും അടച്ച് പൂട്ടി, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് നടന്നത്. എന്നാല്‍ വീണ്ടും പല സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ മേഖല വളരെയേറെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാസങ്ങളോളം ഉപയോഗിക്കാതിരുന്നതോടെ സൗണ്ട്, ലൈറ്റ് എന്നീ ഉപകരണങ്ങള്‍ പലതും കേടായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ലക്ഷങ്ങള്‍ വിലയുള്ള കാര്‍പ്പറ്റുകളും, പന്തല്‍ അലങ്കാര വസ്തുക്കളും നശിച്ചുപോകുന്നു. ഇരുമ്ബ് പൈപ്പുകളും, തകരഷീറ്റുകളും തുരുമ്ബ് പിടിച്ച് പോകുന്ന അവസ്ഥയുമാണുള്ളത്.
കുടുംബം പോറ്റാന്‍ നിത്യചിലവിന് പോലും കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഹയര്‍ ഗുഡ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഈ മേഖലയിലുള്ളവരില്‍ പലരും ജില്ലയിലെ റോഡ്വക്കിലും മറ്റും പൂച്ചെട്ടി വിറ്റും മറ്റുമാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുകയാണ്. കോവിഡ് വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ഈ രംഗത്തുള്ള ഉടമകളും തൊഴിലാളികളും ഏറെ ആശങ്കയിലാണ്.
കടുത്ത പ്രതിസന്ധിയിലായ ഈ മേഖലയിലുള്ളവരെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന തലത്തില്‍ അതിജീവന സമരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെക്കുകയാണുണ്ടായത്.
2020ലെ വാഹന നികുതികള്‍ ഒഴിവാക്കുക, നാല് ശതമാനം പലിശയില്‍ നിലവിലുള്ള സാധനങ്ങളുടെ ഈടില്‍ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ലോണ്‍ അനുവദിക്കുക, ഇളവുകള്‍ നല്കി പരിപാടികള്‍ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന് മുന്നോട്ട് വെയ്ക്കുന്നതെന്ന് ജില്ലാ ഭാരവാഹികളായ രാധാകൃഷ്ണന് ചിത്ര, ജലാല്‍ മര്‍ത്തബ, മുരളീധരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: