മാവേലിക്കര: തീരദേശനിവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്നെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിയുടെ കൊല്ലത്തെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നിട്ടുള്ളതായാണ് സൂചന. വര്‍ഷങ്ങള്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയിരിക്കുന്നതെന്ന് ഉറപ്പിക്കുന്ന വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു.
ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോജക്ട് കോര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍, എന്നീ തസ്തികകളിലേക്കാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാകമ്മറ്റിയിലെ പ്രമുഖന്റെ മകളെയാണ് പോസ്റ്റുചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടയോഗ്യതപോലുമില്ല. അഞ്ച് പേര് അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കുമാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളത്.
എന്നാല്‍ ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ തസ്തികയിലേക്ക് പരിഗണിച്ചത്. ആലപ്പുഴയിലും സമാന അവസ്ഥയാണ് ഇവിടെ പാര്‍ട്ടി അനുഭാവിയുടെ മകള്‍ക്കാണ് നിയമനം ലഭിച്ചത്. ഇദ്ദേഹം കയര്‍ ഫെര്‍ഡിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു. തൃശൂരില്‍ പ്രമുഖ പത്രത്തിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറുടെ ഭാര്യയെയാണ് പരിഗണിച്ചിട്ടുള്ളത്. ഇതിന് ജില്ലാകമ്മറ്റിയുടെ കത്തും മന്ത്രിയുടെ ഓഫീസില്‍ എത്തി. കോഴിക്കോട് മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെയാണ് നിയമിച്ചിരിക്കുന്നത്. ഇയാള്‍ മേഖലയിലെ ഡിവൈഎഫ്ഐ നേതാവാണ്.
വിഷയത്തില്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് മറ്റൊരു കുട്ടിക്ക് എഴുതിയ അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ മാറ്റിയാണ് ഇവിടെ ഇയാളെ കുത്തിതിരുകിയത്. മലപ്പുറത്ത് പൊന്നാനി താലൂക്കിലെ പ്രമുഖനായ ഡിവൈഎഫ്ഐ നേതാവിനെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ണുരിലും ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനാണ് നിയമനം. കാസര്‍കോട് ജില്ലയില്‍ നിയമിതയായ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ കുടുംബപശ്ചാത്തലവും സിപിഎം അനുഭാവികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: