തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പ്പറേഷന് കൈമാറേണ്ട നാടന്‍ മട്ട അരിയില്‍ ചില സ്വകാര്യമില്ലുടമകള്‍ 1.5 ലക്ഷം ടണ്ണിന്റെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
5 ലക്ഷം ടണ്‍ നെല്ല് മില്ലുടമകള്‍ കര്‍ഷകരില്‍ നിന്നും സപ്ലൈകോ വഴി സംഭരിച്ച ശേഷം സപ്ലൈകോയ്ക്ക് തിരികെ നല്‍കേണ്ട 3.22 ലക്ഷം ടണ്‍ അരിയില്‍ പകുതി പോലും നല്‍കിയില്ലെന്നാണ് ആരോപണം. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നാലാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വകാര്യ മില്ലുകളില്‍ നിന്ന് അരി സ്വീകരിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥ തലത്തില്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുന്നതിനെ കുറിച്ചും കമ്മീഷണര്‍ അന്വേഷിക്കണം.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളില്‍ സംഭരിച്ചിരുന്ന 1892 ടണ്‍ അരിയും 627 ടണ്‍ ഗോതമ്പും കേടായതായുള്ള പരാതിയെ കുറിച്ചും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കൊറോണ വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ റേഷന്‍ കടകളിലെത്തേണ്ട ധാന്യമാണ് അട്ടിമറിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: