സജിചന്ദ്രന്‍ കാരക്കോണം
ഒറ്റശേഖരമംഗലം: ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ അനുകൂല്യം ലഭിക്കാത്തവര്‍ക്കായി ആഗസ്റ്റ് 1 മുതല്‍ 15 വരെ അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന സമയമാണിത്. എന്നാല്‍ പല തവണ അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയ അശരണരായ നിര്‍ധന കുടുംബങ്ങള്‍ ഏറെയാണ്. അര്‍ധപട്ടിണിക്കാരുടെ അപേക്ഷകള്‍ പലപ്പോഴും ചവറ്റുകുട്ടയിലാണ്. ഇത്തരക്കാരെ കണ്ണുതുറന്നു കാണാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്നുമാത്രം.
ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്.
വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ, തകര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഒറ്റമുറി വീട്ടിലാണ് നാലു വയോധികരുടെ താമസം. 102 വയസ്സുള്ള പൊന്നമ്മയും മക്കളായ സുലോചന (68), വിശാലാക്ഷി (63), നാഗപ്പന് നായര്‍ (61) എന്നിവരാണ് ദുരവസ്ഥയില്‍ കഴിയുന്നത്. മൂത്തമകളായ സുലോചനയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഴ്ച നഷ്ടമായി. കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിയ സുലോചനയ്ക്ക് ഓപ്പറേഷന് ചെയ്താല്‍ കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഡോക്ടര്‍ നല്കിയ നിര്‍ദേശം. ആഹാരത്തിനുപോലും വഴിയില്ലാതെ നേരത്ത് ഓപ്പറേഷനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. ഇപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടമായി.
മൂന്നാമത്തെ മകനായ നാഗപ്പന് നായര്‍ മാനസിക രോഗിയാണ്. ഇദ്ദേഹത്തിന് മാസം മരുന്ന് വാങ്ങാന്‍ വേണം ആയിരത്തോളം രൂപ. രണ്ടാമത്തെ മകളായ വിശാലാക്ഷിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. വിശാലാക്ഷിയുടെ കല്യാണം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നത്.
മഴക്കാലമായതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടില്‍ ഭയത്തോടെയാണ് കുടുംബം അന്തിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ ഒരു ശൗചാലയം പോലും ഈ വീട്ടിലില്ല. ശൗചാലയത്തിനും വീടിനും വേണ്ടി പഞ്ചായത്തില്‍ അപേക്ഷയുമായി വിശാലാക്ഷി പലതവണ കയറിയിറങ്ങിയിട്ടും പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെമ്പറും തിരിഞ്ഞു നോക്കാന്‍ പോലും തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരാറുണ്ടെന്നും വോട്ട് ചോദിച്ചശേഷം ജയിച്ചാല്‍ നിങ്ങള്‍ക്ക് വീടുനല്‍കുമെന്ന വാഗ്ദാനം നല്‍കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജയിച്ചശേഷം വര്‍ഷമിത്രയും കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല.
വിശാലാക്ഷി ഇടയ്ക്ക് തൊഴിലുറപ്പിനു പോകുമായിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ വന്നു അസുഖബാധിതരായ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഭക്ഷണം നല്കി തിരികെ ജോലിസ്ഥലത്ത് എത്തുമ്പോഴേക്കും സമയം താമസിക്കുന്നത് കാരണം വാര്‍ഡ് മെമ്പര്‍ വഴക്ക് പറഞ്ഞതായും അതുകൊണ്ട് തൊഴിലുറപ്പിന് പോകാതായെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്റെ അമ്മയ്ക്കുള്‍പ്പെടെ ഒരു നേരത്തെയെങ്കിലും ആഹാരം നല്കാന് നാട്ടുകാരുടെയും, അയല്‍വാസികളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണെന്നും വിശാലാക്ഷി നിറകണ്ണുകളോടെ പറയുന്നു. പൊന്നമ്മയെയും കുടുംബത്തെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കായി: സുലോചന. അക്കൗണ്ട് നമ്പര്‍: 13250100152004, ഫെഡറല്‍ ബാങ്ക്, ചെമ്പൂര്, ശളരെ രീറല: എഉഞഘ0001325
പ്രതികരിക്കാൻ ഇവിടെ എഴുതുക: