ന്യൂദല്‍ഹി: രാജ്യമെങ്ങുമുള്ള രാത്രി കര്‍ഫ്യൂ പിന്‍വലിച്ചതടക്കം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജിംനേഷ്യങ്ങളും യോഗാകേന്ദ്രങ്ങളും ആഗസ്റ്റ് അഞ്ചു മുതല്‍ പ്രവര്‍ത്തിപ്പിക്കാം. കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഇത്തരം ഇളവുകള്‍ ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനുള്ളിലും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റുകളോ അനുമതിയോ എടുക്കേണ്ടതില്ല. യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമില്ല. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകള്‍, സിനിമാ ഹാളുകള്‍, തിയെറ്ററുകള്‍, വിനോദ സഞ്ചാര പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, കായികമത്സരങ്ങള്‍, അസംബ്ലി ഹാളുകള്‍, മെട്രോ റെയില്‍ എന്നിവയ്ക്കുള്ള വിലക്ക് ആഗസ്റ്റ് 31 വരെ തുടരും.
കണ്ടൈന്‍മെന്റ് സോണുകളേതൊക്കെയെന്ന് അതാത് ജില്ലാ കളക്ടര്‍മാരുടെ വെബ്സൈറ്റുകളില്‍ രേഖപ്പെടുത്തണം. കണ്ടൈന്മെന്റ്സോണുകളെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണം. ഇതു നടപ്പാക്കുന്നുണ്ടോയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധിക്കും. തുറന്നു പ്രവര്‍ത്തിക്കുന്ന കടകളില്‍ സാമൂഹ്യഅകലം നിര്‍ബന്ധമായും പാലിക്കണം. 65 വയസ്സിന് മുകളില്‍ പ്രായമായവര്‍, ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടുകളില്‍ തന്നെ ഇരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: