ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ കണ്ണുവയ്ക്കുന്ന ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലിന് മുകളിലൂടെ വ്യോമസേനയുടെ ‘സ്വര്ണശരങ്ങള്’ പറന്നിറങ്ങി. കിഴക്കും പടിഞ്ഞാറുമുള്ള ശത്രുക്കള്‍ക്കെതിരായ ഇന്ത്യയുടെ ബ്രഹ്മാസ്ത്രങ്ങള്‍. ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ കടന്നപ്പോള്‍ മുതല്‍ സുഖോയ് 30 വിമാനങ്ങളുടെ അകമ്പടി. റഫാല്‍ യുദ്ധവിമാനങ്ങള്‍ അംബാല വ്യോമത്താവളത്തിന്റെ മണ്ണു തൊട്ടത് അത്രമേല്‍ ആവേശഭരിതം.
അറബിക്കടലില്‍ ഐഎന്‍എസ് കൊല്‍ക്കത്തയുടെ സുരക്ഷ, ആകാശത്ത് സുഖോയ് 30 പോര്‍വിമാനങ്ങളുടെ അകമ്പടി, ഏഴായിരം കിലോമീറ്റര്‍ താണ്ടിയെത്തിയ റഫാലുകള്‍ക്ക് അംബാലയിലെ വ്യോമത്താവളത്തില്‍ സേനയുടെ വാട്ടര്‍ സല്യൂട്ട്, പതിനേഴാം സ്ക്വാഡ്രണായ ഗോള്‍ഡണ്‍ ആരോസിനെ (സ്വര്ണശരങ്ങള്) യും പൈലറ്റുമാരെയും സ്വീകരിക്കാന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൂരിയയും മലയാളിയായ പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷും അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍, അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തെ ജനങ്ങളും. രാജകീയമായിരുന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് നല്കിയ വരവേല്‍പ്പ്. വ്യോമസേനാ ചരിത്രത്തിലെ കരുത്തിന്റെ പുതിയ കാലഘട്ടത്തിന് തുടക്കമായി.
ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സോ ഏവിയേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വാങ്ങുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണമാണ് ഇന്നലെ അംബാലയിലെ പതിനേഴാം സ്ക്വാഡ്രണിലെത്തിയത്. 3 സിംഗിള്‍ സീറ്ററുകളും രണ്ട് ഡബിള്‍ സീറ്ററുകളുമാണ് എത്തിയത്. ബാക്കിയുള്ള 31 എണ്ണം അടുത്ത വര്‍ഷം അവസാനത്തോടെ ലഭിക്കും. ആകെ 28 സിംഗിള്‍ സീറ്റ്, 8 ഡബിള്‍ സീറ്റ് വിമാനങ്ങളാണ് ലഭിക്കുന്നത്.
രണ്ടായിരത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിക്കുന്ന ഏറ്റവും മാരക പ്രഹരശേഷിയുള്ള യുദ്ധവിമാനമാണ് ഇരട്ട എഞ്ചിനുകളുള്ള റഫാല്‍. 59,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഫ്രാന്‍സുമായി ഇതിനായി കരാറൊപ്പിട്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പണമില്ലെന്ന പേരില്‍ ഒഴിവാക്കിയ പദ്ധതി മോദി സര്‍ക്കാര്‍ സ്വപ്ന വേഗത്തില്‍ നടപ്പാക്കുകയായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന അന്തരിച്ച മനോഹര്‍ പരീഖറിന്റെ ഇച്ഛാശക്തിയുടെ അടയാളപ്പെടുത്തലുകള്‍ കൂടിയായി റഫാലുകള്‍ ഇനി ഇന്ത്യയുടെ അതിര്‍ത്തികള്‍ കാത്തുരക്ഷിക്കും.
രാഷ്ട്രരക്ഷ വ്രതവും യജ്ഞവുമെന്ന് മോദി
ന്യൂദല്‍ഹി: മെഡിറ്ററേനിയനും അറബിക്കടലും താണ്ടി ഇന്ത്യന്‍ മണ്ണിലെത്തിയ റഫാല്‍ യുദ്ധവിമാനങ്ങള്ക്ക്് വലിയ സ്വീകരണമാണ് രാജ്യം നല്‍കിയത്.
രാഷ്ട്രരക്ഷാ സമം പുണ്യം
രാഷ്ട്രരക്ഷാ സമം വ്രതം
രാഷ്ട്രരക്ഷാ സമം യജ്ഞോ
ദൃഷ്ടോ നൈവ ച നൈവ ച
എന്ന സംസ്കൃത ശ്ലോകം ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഫാലുകള്‍ക്ക് സ്വാഗതമേകിയത്. അഭിമാനത്തോടെ ആകാശത്തെ പുല്കുന്നു എന്നര്‍ത്ഥം വരുന്ന നഭഃസ്പൃശം ദീപ്തം എന്ന വ്യോമസേനാ ആപ്തവാക്യവും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പക്ഷികള്‍ സുരക്ഷിതമായെത്തിയെന്നായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ ട്വീറ്റ്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമാണിത്. വിവിധോദ്യേശ യുദ്ധവിമാനമായ റഫാല്‍ വായൂസേനയുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കും. വ്യോമസേനയുടെ പ്രഹരശേഷി ഉയര്‍ത്തുന്നതായി റഫാലുകളുടെ വരവ്. കൊവിഡ് പ്രതിസന്ധിക്കിടെയും സമയോചിതമായി വിമാനങ്ങളും ആയുധങ്ങളും കൈമാറിയ ഫ്രഞ്ച് സര്‍ക്കാരിനെയും ദസ്സോ ഏവിയേഷനെയും നന്ദി അറിയിക്കുന്നു. റഫാലുകളുടെ പറക്കല്‍ ശേഷിയും ആയുധങ്ങളും റഡാറും സെന്‍സറുകളും ഇലക്ട്രോണിക് വാര്‍ഫെയര്‍ ശേഷിയും ലോകത്തിലെ ഏറ്റവും മികച്ചതാണ്. നമ്മുടെ രാജ്യത്തിനെതിരായ ഏതുതരം ഭീഷണിയും നേരിടാന്‍ വ്യോമസേനയെ പ്രാപ്തമാക്കുന്നു റഫാല്‍. നമ്മുടെ പരമാധികാരത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ റഫാലിനാവും, രാജ്നാഥ്സിങ് ട്വീറ്റ് ചെയ്തു.
റഫാല്‍ കരുത്തില്‍ ശക്തിവര്‍ധിക്കുന്ന വ്യോമസേനയ്ക്ക് ആശംസകള്‍ നേര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സന്തോഷമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: