കാസര്‍കോട്: കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ 343 വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 30, 31, ആഗസ്റ്റ് ഒന്ന് തീയ്യതികളില്‍ കാഞ്ഞങ്ങാട് നിന്ന് തലപ്പാടി വരെ 11 കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു. രാവിലെ 5.30 മുതല്‍ ഒരോ മിനിറ്റും ഇടവിട്ട് 11 ബസുകളാണ് ഒരുക്കിയിട്ടുള്ളത്. ആറ് ബസുകള്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ ചെര്‍ക്കള വഴിയും അഞ്ച് ബസുകള്‍ ചന്ദ്രഗിരി വഴിയുമാണ് തലപ്പാടിയിലെത്തുന്നത്.
എവിടെ നിന്ന് വേണമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറാന്‍ അവസരമുണ്ട്. എവിടെ നിന്ന് വിദ്യാര്‍ഥികള്‍ കൈ കാണിച്ചാലും ബസുകള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസില്‍ കയറുന്നവരെ തലപ്പാടിയില്‍ മാത്രമേ ഇറക്കു. പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെഎസ്ആര്‍ടി സി ബസ് ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബസില്‍ കയറാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു. തലപ്പാടിയില്‍ നിന്ന് 7.30ന് കര്‍ണ്ണാടക സര്‍ക്കാറിന്റെ വാഹനം പുറപ്പെടും. സംശയങ്ങള്‍ക്ക് ബംഗളൂരു 08023462758, ജില്ലാ കണ്ട്രോള് റൂം 04994 255001.
എന്‍ട്രന്‍സ് പരീക്ഷ എഴുതി തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്കിയാല് മടങ്ങിയെത്തുന്ന രക്ഷിതാക്കളും നിര്‍ബന്ധമായും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. സ്വകാര്യവാഹനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോള്‍ കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരും 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: