തൊടുപുഴ: സംസ്ഥാനത്തെ പ്രധാന ജലസേചന പദ്ധതികളില്‍ ഒന്നായ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഔപചാരിക ഉദ്ഘാടനം അടുത്തിടെ നടന്നപ്പോഴും നിരവധിയിടത്താണ് കനാലുകളും പാലങ്ങളും തകര്‍ന്ന് കിടക്കുന്നത്.
1994ല്‍ മലങ്കര ഡാം കമ്മീഷന് ചെയ്ത് ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി 26 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണമായും നാടിന് സമര്‍പ്പിക്കുന്നത്. 20.86 കോടി ചിലവ് പ്രതീക്ഷിച്ച പദ്ധതിക്കായി നാളിതുവരെ 1082 കോടി ചെലവായിട്ടുണ്ട്. ജലസേചനം, കുടിവെള്ള, വ്യവസായം എന്നിവയ്ക്ക് വെള്ളമെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ കുമാരമംഗലം, കരിങ്കുന്നം, മണക്കാട് പഞ്ചായത്തിലുമായി നിരവധിയിടത്താണ് കനാലിന്റെ വശങ്ങള് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്. ഇടത്-വലതുകര എന്നിങ്ങനെ രണ്ട് കനാലുകളാണ് മലങ്കര ഡാമില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതിക്ക് പ്രധാനമായുമുള്ളത്. ഇവിടങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്. മിക്കയിടത്തും റോഡില്‍ ടാറിങ് കാണാനില്ല. ചെറിയ നടപ്പാലങ്ങളെല്ലാം കമ്പികള്‍ തെളിഞ്ഞ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വലിയ പാലങ്ങള്‍ക്കും പലയിടത്തും തകരാറുകളുണ്ട്.
28.337 കി.മീ. നീളമുള്ള വലതുകര പ്രധാന കനാലും, 37.10 കി.മീ. നീളമുളള ഇടതുകര പ്രധാന കനാലും ഉള്‍പ്പെടെ ആകെ 323 കി.മീ. കനാല്‍ ശൃംഖലയാണ് ഈ പദ്ധതിക്കുള്ളത്. ഇതില്‍ ആദ്യകാലത്ത് നിര്‍മ്മിച്ച കനാലുകളുടെ ഭാഗങ്ങളാണ് തകര്‍ന്ന് കിടക്കുന്നത്. ഇടവെട്ടി, കരിങ്കുന്നം പഞ്ചായത്തുകളില്‍ ചിലയിടത്ത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും നല്ല റോഡെന്ന ജനങ്ങളുടെ പ്രധാന ആവശ്യം ഘനിക്കപ്പെടുകയാണ്.
പദ്ധതിയുടെ ഹെഡ് വര്‍ക്കായ മലങ്കര ഡാമിന്റെയും, മെയിന്‍ ബ്രാഞ്ച് കനാലുകളുടെയും നിര്‍മ്മാണം 100 ശതമാനം പൂര്‍ത്തീകരിച്ചെന്നാണ് അധികൃതരുടെ അവകാശ വാദം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പല നിര്‍മ്മിതികളും ഇന്ന് നാശത്തിന്റെ വക്കിലാണ്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നീ നിയമസഭാമണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലൂടെയുമാണ് കനാല്‍ കടന്ന് പോകുന്നത്.
അടുത്ത വര്‍ഷം മുതല്‍ ഫണ്ട് ലഭ്യമാകും
നിലവില്‍ പ്രൊജക്ട് പുരോഗമിക്കുകയായിരുന്നതിനാല്‍ പദ്ധതി ഫണ്ട് മാത്രമാണ് ലഭിച്ചിരുന്നതെന്നും വരുന്ന വര്‍ഷം മുതല്‍ അറ്റകുറ്റപണിക്കുള്ള ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് എംവിഐപിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നത്. കാലങ്ങളായി പദ്ധതി നീണ്ട് പോയതിനാലാണ് അറ്റകുറ്റപണി നിലച്ചത്. കൂടുതല്‍ സംസ്ഥാന-കേന്ദ്ര ഫണ്ട് അടക്കം ലഭ്യമായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: