തിരുവനന്തപുരം: ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ഇടയ്ക്കിടെ കടന്നു പോകുന്ന ആംബുലന്‍സുകള്‍ മനസില്‍ ഭയത്തിന്റെ തീ കോരിയിട്ടിരുന്ന കാലത്തിന് മാറ്റം. കൊറോണയുടെ വരവോടെ ആംബുലന്‍സുകളുടെ നിലയ്ക്കാതെയുള്ള സൈറണാണ് എല്ലായിടത്തും. വൈറസ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്താതെയുള്ള ഓട്ടം കാരണം ആംബുലന്‍സുകളും വിശ്രമമില്ലാതെ ജോലിചെയ്ത് ജീവനക്കാരും തളര്‍ന്നിരിക്കുകയാണ്. ഭക്ഷണവും ഉറക്കവും ഉഴിഞ്ഞുവച്ച് ജീവന്റെ വിലയറിഞ്ഞ് പരാതികളും പരിഭവങ്ങളുമില്ലാതെ കൊറോണയ്ക്കെതിരെയുള്ള പോര്‍മുഖത്താണിവര്‍.
കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആവശ്യത്തിന് ആംബുലന്‍സുകള്‍ തികയാതെ വന്നിരിക്കുകയാണ്. സ്വകാര്യമേഖലയിലെയും സന്നദ്ധ സംഘടനകളുടെയും ആംബുലന്‍സുകളും ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വിശ്രമ മില്ലാത്ത നിരന്തരയാത്ര ആംബുലന്‍സുകളുടെ ക്ഷമതയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൃത്യമായ സര്‍വീസ് നടത്താനോ അറ്റകുറ്റപ്പണികള്‍ ചെയ്യാനോ സമയം കിട്ടാറില്ല. ആംബുലന്‍സുകളെപോലെ തന്നെ അതിലെ ജീവനക്കാരുടെയും അവസ്ഥ പരിതാപകരമാണ്. രാവിലെ എട്ടരയ്ക്ക് തുടങ്ങി പിറ്റേന്ന് എട്ടര വരെ നീളുന്ന 24 മണിക്കൂര്‍ ഡ്യൂട്ടിയാണ് ഓരോ 108 ആംബുലന്‍സ് ജീവനക്കാരുടേതും. ഒരു ഡ്രൈവറും ഒരു നഴ്സും അങ്ങനെ രണ്ടു ജീവനക്കാരാണ് ഓരോ ആംബുലന്‍സിലും ഉണ്ടാവുക. ആദ്യമൊക്കെ രോഗികള്‍ വളരെ കുറവായിരുന്നു. അപ്പോഴൊക്കെ ഇടയ്ക്ക് ഒന്ന് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ഒരു ആംബുലന്‍സിന് വിവിധ ആശുപത്രികളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. പലപ്പോഴും വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ ഇതിനിടെ സമയം കിട്ടിയെന്നു വരില്ല.
ഓരോ രോഗികളെ കൊണ്ടു പോകുമ്പോഴും പിപിഇ കിറ്റുകള്‍ മാറിമാറി ധരിക്കാറുണ്ട്. പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സാധിക്കില്ല. ചിലപ്പോഴൊക്കെ ആറും ഏഴും മണിക്കൂറുകള്‍ ഈ കിറ്റിനുള്ളില്‍ കഴിയേണ്ടതായി വരും. സഹിക്കാനാകാത്ത ചൂടാണ് ഈ കിറ്റിന്. പോസിറ്റീവ് ആയ രോഗികളെ കൊണ്ടുപോയിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് അണു നശീകരണം നടത്തും. ആദ്യമൊക്കെ ഒന്നോ രണ്ടോ പോസിറ്റീവ് രോഗികളെയാണ് ഒരുമിച്ചു കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏഴും എട്ടും പേരെ ഒരുമിച്ചു കൊണ്ടുപോകേണ്ട അവസ്ഥയിലാണ്.
പല പ്രായത്തിലുള്ള ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെടുന്നതിനിടയില്‍ ചില സംഭവങ്ങള്‍ വല്ലാതെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കും. അച്ഛനും അമ്മയും പോസിറ്റീവ് ആയി ആശുപത്രിയിലായ മൂന്നു വയസുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞ് തന്റെ വലിയച്ഛന്റെ ഒപ്പമാണ് കഴിയുന്നത്. വലിയച്ഛന്റെ അടുത്തു നിന്നും മൂന്ന് വയസ് മാത്രം പ്രായമായ ആ കുഞ്ഞിനെ ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ട് പിടിച്ച കാര്യമായിരുന്നു. രണ്ടു പ്രാവശ്യം കരഞ്ഞുകൊണ്ട് കുഞ്ഞ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി വലിയച്ഛന്റെ അടുത്തേക്ക് ഓടി. പോസിറ്റീവ് രേഖപ്പെടുത്താത്തതിനാല്‍ വലിയച്ഛനെ ആംബുലന്‍സില്‍ വരാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അനുവദിക്കില്ല. പിന്നീട് തൊട്ടടുത്ത സ്ഥലത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട പോസിറ്റീവായ യുവാവിനെയും ആംബുലന്‍സില്‍ കയറ്റി നിലവിളിച്ചു കരയുന്ന കുഞ്ഞിനെയും കയറ്റി വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആ ചെറുപ്പക്കാരന്റെ മടിയിലിരുന്ന് ആ കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിയിരുന്നു.
24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വരുമ്പോഴും പോകുമ്പോഴും പനിയുണ്ടോ എന്നു മാത്രമാണ് ജീവനക്കാരെ പരിശോധിക്കുന്നത്. ഇവര്‍ ചെയ്യുന്ന ജോലിക്ക് സമാനമായ വേതനം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇടയ്ക്ക് ശമ്പളത്തിനു വേണ്ടി സമരം നയിച്ചു എന്ന പേരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇപ്പോഴും ജോലിയില്ലാതെ പുറത്തു നില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: