ഇരിട്ടി: നീരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് വീട്ടില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റൈന് ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും കണ്ടെത്തി. വീട്ടില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂറെ പേര് ടൗണില്‍ സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും കണ്ടെത്തി. ഞായറാഴ്ച്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയും ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായും കണ്ടെത്തി. യുവാവുമായി പ്രൈമറിതലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. നഗരസഭാ വാര്‍ഡ് തല സുരക്ഷാ സമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20-ല്‍ അധികം പേര് ഹൈ റിസ്ക്ക് സമ്പര്‍ക്കത്തില്‍പ്പെട്ടവരായി കണ്ടെത്തി. ഇവരെ മുഴുവന്‍ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ 200-ല്‍ അധികം പേര് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്
പ്രൈമറി സമ്പര്‍ക്കത്തിലുള്ളവര്‍ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. കോവിഡ് ബാധിച്ച യുവാവ് നിരീക്ഷണം ലംഘിച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാരംസ് കളിച്ചതായും ഫുട്ബോള്‍ കളിക്കുന്ന സ്ഥലത്തും എത്തിയതായും പറയുന്നുണ്ട. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ എട്ടോളം കടകള്‍ തിങ്കളാഴ്ച്ച അടപ്പിച്ചു. ഇയാളില്‍ നിന്നും മറ്റുള്ളവരിലേത്ത് രോഗവ്യാപനം ഉണ്ടായാല്‍ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള കടുത്തനിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.അതേസമയം നിരീക്ഷണത്തിലിരിക്കെ ക്വാറന്റയില്‍ വ്യവസ്ഥ ലംഘിച്ച യുവാവിനെതിരേയും കുടുംബത്തിനെതിരേയും നിയമനടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്മാന് പി.പി. അശോകന് പറഞ്ഞു. നഗരസഭാ പരിധിയില്‍ ഇതുവരെയായി 20 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11പേരും രോഗമുക്തരായി. ഒന്മ്പതുപേര് മാത്രമാണ് ചികിത്സയിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം കൂളിചെമ്പ്രയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും ചെയര്മാന് പറഞ്ഞു. ഇയാളുമായി പ്രൈമറിതലത്തിലും സെക്കണ്ടറി തലത്തിലും ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: