തൃശൂര്‍: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുമ്പോള്‍ ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തില്‍ കഴിയുകയാണ് സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലായി 2000 ത്തോളം ഡ്രൈവര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. സ്കൂളുകളിലെ ബസ്സും വാനും ഓടിക്കുന്ന യുവാക്കളും മധ്യവയസ്കരും ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ നാലു മാസമായി ജോലിയില്ല. ഏപ്രിലില്‍ സ്കൂള്‍ അടച്ചത് മുതല്‍ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് ഇവരെല്ലാം. സ്കൂളുകള്‍ തുറക്കാതെ ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ ഉപജീവനത്തിന്
വഴിയില്ലാതെ ജീവിതം എങ്ങനെ കരുപിടിപ്പിക്കുമെന്ന ചിന്തയിലാണ് ഇവര്‍. വളരെ തുച്ഛമായ വേതനത്തിലാണ് ഇവരെല്ലാം സ്കൂള്‍ വാഹനങ്ങള്‍ ഓടിച്ചിരുന്നത്. രാവിലെയും വൈകിട്ടുമായി മൊത്തം നാല് ട്രിപ്പുകള്‍ ഒരു വാഹനത്തിന് ഉണ്ടാവാറുണ്ട്. രാവിലെയും വൈകിട്ടും ട്രിപ്പ് ഉള്ളതിനാല്‍ മറ്റു ജോലികള്‍ക്ക് ഒന്നും ഇവര്‍ക്ക് പോകാന്‍ പറ്റിയിരുന്നില്ല. ചുരുക്കം ചിലര്‍ ഓട്ടോ ഓടിക്കാറുണ്ടെങ്കിലും ഭൂരിഭാഗം പേരും ഫുള്‍ടൈം ജോലിയാണ് ചെയ്തിരുന്നത്. സ്കൂളുകളിലേക്ക് സര്‍ക്കാര്‍ വക ബസ് അനുവദിക്കുമെങ്കിലും ഡ്രൈവര്‍മാരെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും സ്കൂള്‍ മാനേജ്മെന്റോ, പിടിഎ കമ്മിറ്റിയോ ആയിരിക്കും.
മുന്‍വര്‍ഷങ്ങളില്‍ ചില സ്കൂളുകളില്‍ നിന്ന് വെക്കേഷന് സാലറി ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളില്‍ നിന്നും ഇത്തവണ ഇതു പോലും നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കാര്യമായതിനാല്‍ ലീവ് പോലുമെടുക്കാതെയാണ്് സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ജോലിചെയ്തിരുന്നത്. ഏതെങ്കിലും ദിവസങ്ങളില്‍ ലീവ് എടുക്കേണ്ടി വരികയാണെങ്കില്‍ പകരം ആളെ ഡ്യൂട്ടിക്ക് ഇവര്‍ ഒരുക്കിക്കൊടുക്കണം.
പകരക്കാരനായെത്തുന്നയാള്ക്കുള്ള കൂലിയും സ്വന്തം പോക്കറ്റില്‍ നിന്നാണ് കൊടുത്തിരുന്നത്. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പലരും ഇപ്പോള്‍ കൂലിപണി ഉള്‍പ്പെടെയുള്ളവ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. കൊറോണ ദുരിത സാഹചര്യത്തെ മുന്‍നിര്‍ത്തി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാരിനും കേരള സ്റ്റേറ്റ് സ്കൂള്‍ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന് അപേക്ഷ നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്കൂളുകളില്‍ നിന്ന് ഡ്രൈവര്‍മാരുടെ സ്ഥിതി വിവരണ ശേഖരണം നടത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന് ഇതുവരെയും കൈമാറിയിട്ടില്ല. ഇതിനാല്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതും അനിശ്ചിതത്വത്തിലായി. വിദ്യാഭ്യാസവകുപ്പ് അധികൃതരും സ്കൂള്‍ മാനേജ്മെന്റ്കളും അവഗണന തുടരുമ്പോള്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: