കൊല്ലം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗനിര്‍ണയം വേഗത്തിലാക്കുന്നതിനും രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും വികേന്ദ്രീകൃത രീതിയില്‍ ജില്ലയില്‍ നാല് കൊറോണ കണ്ട്രോള് യൂണിറ്റുകള്‍ മേഖലാടിസ്ഥാനത്തില്‍ ആരംഭിച്ചു.
ഈ യൂണിറ്റുകള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുകയും സാമ്പിള്‍ കളക്ഷന്‍, എപ്പിഡെമിയോളജിക്കല്‍ സര്‍വ്വേ എന്നിവ നടത്തും. കുളത്തൂപ്പുഴ, അഞ്ചല്‍, പുനലൂര്‍ മുനിസിപ്പാലിറ്റി എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ നേതൃത്വം നല്‍കും. കരുനാഗപ്പള്ളി, ശൂരനാട് സൗത്ത്, ഓച്ചിറ, മൈനാഗപ്പള്ളി, തെക്കുംഭാഗം, ചവറ എന്നീ ആരോഗ്യബ്ലോക്കുകള് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍മേഖല കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോന്‍സ് നേതൃത്വം നല്‍കും. കൊല്ലം കോര്പ്പറേഷന്, കുണ്ടറ, തൃക്കടവൂര്‍ പാലത്തറ ആരോഗ്യബ്ലോക്കുകള് ഉള്‍പ്പെടുന്ന മേഖലയുടെ നേതൃത്വം പാലത്തറ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്‍സിക്കാണ്. നിലമേല്‍, വെളിനല്ലൂര്‍ നെടുമണ്‍കാവ്, കുളക്കട ആരോഗ്യബ്ലോക്കുകളുടെ നേതൃത്വം നെടുമണ്‍കാവ് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോതിലാല്‍ നിര്‍വഹിക്കും.
ഇവരോടൊപ്പം അസീസിയ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം വിദഗ്ധരും കൊറോണാ കണ്ട്രോള് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. മേഖലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാദിവസവും ജില്ലാ കണ്ട്രോള് റൂം വഴി വിലയിരുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സൂം കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തനപുരോഗതി വിശകലനം ചെയ്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: