കൊല്ലം: ഉത്സവങ്ങളും പെരുന്നാളും പ്രദര്‍ശനങ്ങളും ആഘോഷങ്ങളും ഇല്ലാതായ കോവിഡ്കാലം പ്രതിസന്ധിയിലാക്കിയവയില്‍ നാടിന് ശബ്ദവും വെളിച്ചവും പകര്‍ന്ന അരലക്ഷം സ്ഥാപനങ്ങളും.
ലൈറ്റ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരളയുടെ കണക്കുപ്രകാരം ശബ്ദ-വെളിച്ച-പന്തല്‍-സ്റ്റാള്‍ സേവനങ്ങള്‍ക്കായുള്ള വസ്തുക്കള്‍ വാങ്ങുന്നതുവഴി സര്‍ക്കാരിന് ഒരുവര്‍ഷം കിട്ടുന്ന നികുതി കോടിരൂപയ്ക്ക് മുകളിലായിരുന്നു. ഡിസംബറോടെ ആരംഭിക്കുന്ന ഉത്സവങ്ങളും മധ്യവേനലവധികളിലെ പ്രദര്‍ശനങ്ങളും കൊല്ലം പൂരം പോലുള്ള ആഘോഷങ്ങളും മുടങ്ങിയതോടെ നാലുമാസത്തെ വരുമാനനഷ്ടം കോടിരൂപയാണ്. കൊല്ലം ആശ്രാമം, പീരങ്കി മൈതാനങ്ങളിലെയും ജില്ലയിലെ വിവിധ പട്ടണങ്ങളിലെ വ്യാപാരോത്സവങ്ങളും എല്ലാം ഇല്ലാതായതോടെ വരുമാനമില്ലാതായെന്ന് മാത്രമല്ല ഉപയോഗിക്കാതെ കേടാകുകയാണ് ഉപകരണങ്ങളും. പന്തല്‍ പണിക്കും പ്രദര്‍ശനങ്ങള്‍ക്കും ഉപയോഗിക്കുന്ന ഷീറ്റ് ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ തുരുമ്പെടുത്തും നശിക്കുന്നു.
സമസ്തമേഖലയ്ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കിയപ്പോള് ശബ്ദ-വെളിച്ച-പന്തല്‍-സ്റ്റാള്‍ സേവനദാതാക്കള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആറുമാസത്തെ സീസണ് വരുമാനം കൊണ്ട് ഒരു വര്‍ഷം തള്ളിനീക്കുന്നവരാണ് ഇവരെന്നും പെരുന്നാളുകള്‍, ഉത്സവങ്ങള്‍, തിരുനാളുകള്‍, പൊതുപരിപാടികള്‍, രാഷ്ട്രീയ-സാമൂഹിക പരിപാടികള്‍, പേരിടീല്‍, കല്യാണം, ശവദാഹം, തുടങ്ങി ഏത് പരിപാടിക്കും അവിഭാജ്യഘടകമായിരുന്നു ലൈറ്റ് ആന്‍ഡ് സൗണ്ടും പന്തലും അലങ്കാരവും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പ്രധാന സീസണിലുണ്ടാകാറുള്ള ക്രിസ്ത്യന്‍ ധ്യാനങ്ങള്‍, മുസ്ലിം മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, ഹിന്ദുമത പണ്ഡിതരുടെ ആത്മീയപ്രഭാഷണങ്ങള്‍ തുടങ്ങിയവ നഷ്ടമായി.
മധ്യവേനലവധിയില്‍ ഏറ്റവും വരുമാനം കിട്ടിയിരുന്നത് ചെറുകിട പ്രദര്‍ശനങ്ങളില്‍ നിന്നാണ്. ഇതും നടക്കാതായതോടെ വരുമാനമില്ലാതെ കടം കുന്നുകൂടി. മിക്കവരും വായ്പയെടുത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സേവനം നടത്തുന്നത്. ചെറുപരിപാടികള്ക്കുപോലും ആള്വിലക്ക് വന്നതോടെ കസേരകളോ മേശകളോ പരിധിയില്‍ക്കവിഞ്ഞാല്‍ അത് വാടകയ്ക്ക് നല്‍കിയയാളുടെ പേരില്‍ കേസെടുക്കുന്ന നിലയിലേക്ക് പോലീസും തിരിഞ്ഞു. ചടങ്ങുകളില്‍ കസേര കൂടിയതിന്റെ പേരില്‍ നിരവധി പേര്‍ക്കാണ് പോലീസിന്റെ നോട്ടീസ് കിട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: