ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന ആര്‍ജവം യുപിഎ സര്‍ക്കാരുകള്‍ കാട്ടിയില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ. യുപിഎ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാതെ ഉറങ്ങുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും അദേഹം പറഞ്ഞു. കാര്‍ഗില്‍ വിജയദിന ആഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യുപിഎ സര്‍ക്കാരിന്റെ പാളീച്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള നദ്ദയുടെ പരാമര്‍ശം.
മോദി സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈനികര്‍ക്ക് ലഭ്യമാക്കി. ഇപ്പോള്‍ അവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും കയറ്റി അയക്കാനും ആരംഭിച്ചിരിക്കുന്നു. റഫാല്‍ വിമാനങ്ങള്‍ക്ക് പുറമേ അത്യാധുനിക ചിനൂക്ക്, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സൈന്യത്തിനൊപ്പം ചേര്‍ത്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. 2008- 2014 കാലഘട്ടത്തില്‍ അതിര്‍ത്തി പ്രദേശത്ത് 3610 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 4764 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. നദ്ദ പറഞ്ഞു.
അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നാം പിന്നിലായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി തന്നെ പാര്‍ലമെന്റില്‍ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. സൈന്യത്തിന്റെ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയതായും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: