കൊല്ലം: ദുരന്തങ്ങളില്‍ സാഹയവുമായി എത്തുന്നവരെ കാത്ത് മറ്റെല്ലാം മറന്ന് അവര്‍ക്കായി കാത്തിരിക്കുന്നവരുമുണ്ട്. സഹായവും സാമഗ്രികളും സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ അവര്‍ നല്‍കുന്നത് ഒരുകൈ സഹായം. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികള്‍ സ്വീകരിക്കുന്ന ടി.എം. വര്‍ഗീസ് സ്മാരക ലൈബ്രറി കേന്ദ്രത്തിലാണ് സഹായം സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. കളക്ടര്‍ ബി. അബ്ദുല്‍ നാസറുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘നമുക്ക് നില്ക്കാം കൊല്ലത്തിനൊപ്പം പദ്ധതി’ പ്രകാരമാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളേജിലെ വിദ്യാര്‍ഥികളായ അരുണ്‍ വിജയന്, അമല്‍ ആന്റണി, ബി. ഷിനു എന്നിവര്‍ ഇന്നലെ (ജൂലൈ 25) സേവനത്തിലുണ്ടായിരുന്നു. സഹായകേന്ദ്രത്തിലെത്തുന്ന സാധനങ്ങള്‍ ഏറ്റുവാങ്ങി രജിസ്റ്ററില്‍ ചേര്‍ക്കുന്നതും മറ്റും ഇവര്‍ നിര്‍വഹിക്കുന്നു. മെത്ത, ഷീറ്റ്, ഫര്‍ണിച്ചര്‍, മാസ്ക്, സോപ്പ്, ബക്കറ്റ്, മഗ്, തലയിണ, പാത്രങ്ങള്‍ തുടങ്ങിയവ കേന്ദ്രത്തിലേക്ക് വന്നു തുടങ്ങി. അവ അടുക്കി വയ്ക്കാനും ആവശ്യമുള്ളിടത്ത് എത്തിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കുന്നു.
പ്രളയകാലത്തും സ്വമേധയാ വന്നതും സഹായിച്ചതും നല്കിയ ഊര്‍ജം ചെറുതല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരെപ്പോലെ 14 പേരാണ് മാറിമാറി സന്നദ്ധസേവനത്തിന് എത്തുന്നത്. ഉദ്യോഗസ്ഥരായ ബിനുകുമാര്‍, മുഹമ്മദ് ഷാജി, അമീര്ഖാന്, രതീഷ് എന്നിവരും മേല്‍നോട്ടത്തിനുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് നിര്‍ലോഭം സാധനസാമഗ്രികള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദാണ് നോഡല്‍ ഓഫീസര്‍. രാവിലെ 10 ന് തുറക്കുന്ന കേന്ദ്രം വൈകിട്ട് അഞ്ചുവരെയുണ്ട്. എന്നാല്‍ അതിനുശേഷം സാമഗ്രികള്‍ എത്തിക്കുമെന്ന് അറിയിച്ചാല്‍ കാത്തിരിക്കും. ഫോണ്‍: 8590626278, 8590618121.
പ്രതികരിക്കാൻ ഇവിടെ എഴുതുക: