ന്യൂദല്‍ഹി: വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ തീരുമാനങ്ങള്‍ കൈക്കൊണ്ട് ഇന്ത്യയും ബ്രിട്ടണും. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ന് നടന്ന സംയുക്ത സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗത്തിലായിരുന്നു ഇതു സംബന്ധിച്ചുളള തീരുമാനം.
വിര്‍ച്വലായി സംഘടിപ്പിച്ച 14 മത് സംയുക്ത സാമ്പത്തിക യോഗത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, ബ്രിട്ടണ് ഇന്റര്‍ നാഷണല്‍ ട്രേഡ് സെക്രട്ടറി എലിസബത്ത് ട്രസ് എന്നിവര്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപര ബന്ധം സുശക്തമായി തുടരാന്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് ഇരു രാജ്യങ്ങളും യോഗത്തില്‍ വ്യക്തമാക്കി. കൊറോണ മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരസ്പര സഹകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
കേന്ദ്ര വ്യാപാര വ്യവസായ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, യുകെയുടെ അന്താരാഷ്ട്ര വ്യാപാര വകുപ്പ് സഹമന്ത്രി റെനില്‍ ജയവര്‍ധന എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ യോഗങ്ങള്‍ക്കായി എലിസബത്ത് ട്രസ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തുമെന്നും അറിയിച്ചു.
ആത്മ നിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ശക്തമാക്കാനും നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയാണ്. ചൈനയിലെ നിര്‍മാണ പ്ലാന്റുകള്‍ ഉപേക്ഷിച്ചു വരുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തുകയാണ്.
കഴിഞ്ഞതവണത്തെ സാമ്പത്തിക വ്യാപാര കമ്മിറ്റി യോഗത്തില്‍ രൂപീകരിച്ച ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ഭക്ഷ്യം, എന്നീ മേഖലകളിലെ വ്യവസായങ്ങളുടെ സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പുകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇരുരാജ്യങ്ങളും തുറന്ന മനസ്സോടെയാണ് യോഗത്തെ സമീപിച്ചത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പ്രതിബദ്ധത യോഗത്തില്‍ വ്യക്തമാക്കി. നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ ആരോഗ്യരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യയും യു. കെയും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: