എല്ലാം ശരിയാക്കാമെന്നേറ്റ് ക്ലിഫ് ഹൗസിലെത്തിയ മുഖ്യനെ ഇങ്ങനെ കുറ്റം പറയാന്‍ തുടങ്ങിയാല്‍ ഉടയതമ്പുരാനും ഒരുപക്ഷേ ക്ഷമിച്ചേക്കില്ല. അഞ്ചാണ്ട് തികയ്ക്കാന്‍ ഇനി മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ കുറേയൊക്കെ, കണ്ടത് കണ്ടില്ലെന്നും കേട്ടത് കേട്ടില്ലെന്നും നടിക്കുന്നതല്ലെ മുഖ്യന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ മര്യാദ പാലിക്കല്‍. എന്നാല്‍, കാണുകയും കേള്‍ക്കുകയും ചെയ്യുന്നതപ്പടി മറ്റുള്ളവര്‍ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റ്ചിലത്കൂടി അങ്ങേര്‍ക്ക് ശരിപ്പെടുത്തേണ്ട അവസ്ഥയുണ്ടാക്കും, അതിനിടവരുത്തരുത്.
ക്ഷമയ്ക്കുമുണ്ട് ചില അതിരുകളൊക്കെ… കരുതിയിരുന്നാല്‍ ചിലര്‍ക്ക് മാത്രമല്ല അവരുടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മലയാളികള്‍ക്കാകെ തന്നെയും അന്യദേശക്കാരുടെ മുന്നില്‍ നാണംകെടാതെ ഇനിയുള്ളകാലമെങ്കിലും കഴിക്കാം.
മുഖ്യന്റെ ഓഫീസ് പരിശുദ്ധ കേന്ദ്രമായിരിക്കണമെന്ന് എന്തിനാണിത്ര വാശി?…. ഭരണത്തിലിരിക്കുമ്പോള്‍ ചില പുതുമുഖങ്ങളൊക്കെ ലോഗ്യത്തിനായി വരാതിരിക്കുമോ? ഒഴിച്ചുകൂടാന്‍ പറ്റാത്തവരേയും ഇഷ്ടക്കാരേയും പുറംകാല്‍കൊണ്ട് ചവിട്ടുന്നത് മുഖ്യന്റെ ഭാഷ ഒരിയ്ക്കല്‍കൂടി കടമെടുത്ത് പറഞ്ഞാല്‍ ഒട്ടും മര്യാദയല്ല.
നാടാകെ കൊറോണമഹാമാരിപ്പേടിയില് ഒതുങ്ങിയിരിക്കുകയാണ്. ഇതിനിടയില്‍ പുതുമുഖങ്ങളും ഇഷ്ടക്കാരും അല്പം കനത്തില്‍ തന്നെ, ഒത്താശകളുടെ ബലത്തില്‍ വിദേശങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നേക്കാം. അവര്‍ക്കുമുണ്ടാവില്ലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും വിലസാന്‍ ഇത്തിരി പൂതി. അതിനിത്ര പുകിലുണ്ടാക്കണോ?….
മുഖ്യന്റെ ഭാഷ ഒരിയ്ക്കല്‍ കൂടി കടമെടുത്ത് പറയട്ടെ, ഇവയെല്ലാം മര്യാദകെട്ടതാണ്. ഭരണത്തിന്റെ അസ്തമയത്തില്‍ മറ്റുള്ളവര്‍ മര്യാദ മാത്രം പാലിച്ചാല്‍ മതി, അത്രയേ പാടുള്ളു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: