രാജപുരം: ആര്‍മി ഉദ്യോഗസ്ഥന് ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ആള്‍മാറാട്ടക്കാരനെ കണ്ടുപിടിക്കാന്‍ രാജപുരം പോലീസ് അന്വേഷണം തുടങ്ങി. കോളിച്ചാല്‍ പുതുപ്പറമ്പിലെ ആദര്‍ശ് സജിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം.
തട്ടിപ്പില്‍ കുടുങ്ങി ആദര്‍ശിന് നഷ്ടമായത് അരലക്ഷത്തോളം രൂപയാണ്. സ്വപ്ന എന്ന ഫേസ്ബുക്ക് പേജില്‍ സെക്കന്റ് ഹാന്റ് ബൈക്ക് വില്‍പ്പന നടത്തുന്നതായി പരസ്യമുണ്ടായിരുന്നു. ഇതില്‍ വിശ്വസിച്ച ആദര്‍ശ് മുന്‍കൂര്‍ തുക അയച്ചു കൊടുക്കുകയായിരുന്നു. ബംഗളൂരുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണെന്ന് ഫേസ് ബുക്കില്‍ പരിചയപ്പെടുത്തിയ ആള് ആര്‍മി യൂനിഫോമിലുള്ള വീഡിയോ ആദര്‍ശിന് അയച്ചു കൊടുത്തിരുന്നു.
ബൈക്ക് വാങ്ങാന്‍ സന്നദ്ധത അറിയിച്ച ആദര്‍ശ് പാര്‍സല്‍ ചാര്‍ജായി ആവശ്യപ്പെട്ട 6500 രൂപയും വാഹനത്തിന്റെ അഡ്വാന്‍സ് തുകയായി 24000 രൂപയും ഗൂഗില്‍ പേ വഴി അയച്ചു. ആര്‍മിയുടെ പാര്‍സല്‍ സര്‍വീസില്‍ ജൂലായ് 15ന് ബൈക്ക് കയറ്റി അയച്ചതായി കാണിച്ച് ആദര്‍ശിന് ബില്ലും ലഭിച്ചു. തുടര്‍ന്ന് അഡ്രസ് ലൊക്കേറ്റ് ചെയ്യാന്‍ ജി.പി.എസ് സര്‍വീസ് തുകയായി 14,700 രൂപ ആവശ്യപ്പെട്ടപ്പോള്‍ അതും നല്കി. ചെക്ക് പോസ്റ്റില്‍ നികുതി അടക്കണമെന്നുപറഞ്ഞ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ആദര്‍ശിന് സംശയം തോന്നിയത്.
ആര്‍മി ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടയാളുടെ തിരിച്ചറിയില്‍ കാര്‍ഡ് യുവാവ് ആവശ്യപ്പെട്ടു. കാര്‍ഡ് വ്യാജമാണെന്ന് തെളിഞ്ഞതോടെ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ ആദര്‍ശ് ബംഗളൂരുവിലെ പാര്‍സല്‍ സര്‍വീസ് നമ്പറില്‍ ബന്ധപ്പെട്ടു. സ്ഥാപനം അടച്ചുപൂട്ടിയിട്ട് രണ്ടുവര്ഷത്തോളമായെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിന്റെ ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: