പെരുങ്കടവിള: കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വിവാദമാകുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കേണ്ട പഞ്ചായത്ത് പ്രസിഡന്റു തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് പ്രസിഡന്റിന്റെ മകളുടെ വിവാഹം അരുവിപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തില്‍ വച്ചു നടത്തിയത്.
വിവാഹത്തലേന്ന് രാവിലെ 11 മണി മുതല്‍ രാത്രി വൈകുവോളം വീട്ടില്‍ നടത്തിയ റിസപ്ഷനില്‍ മാത്രം ആയിരങ്ങളാണ് വന്നുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവാഹ ദിവസവും വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥയായ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ ആളെക്കൂട്ടിയതില്‍ സ്ഥലത്തെത്തിയ എംഎല്‍എ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചാണ് മടങ്ങിയത്.
നിലവില്‍ കണ്ടെയിന്മെന്റ് സോണായ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരുന്ന വേളയിലാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുന്ന നിലയിലാണ് പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ സ്ഥിതി. നൂറുകണക്കിന് പേര് ഇപ്പോഴും നിരീക്ഷണത്തിലാണ്.
പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയുമാണ്. സമീപ പഞ്ചായത്തുകളായ ആര്യങ്കോടും കുന്നത്തുകാലും പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ മറികടന്ന് രണ്ടായിരത്തോളം പേര് പങ്കെടുത്ത വിവാഹ ചടങ്ങ് സംഘടിപ്പിച്ച പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുജനമധ്യത്തില്‍ ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: