പുനലൂര്‍: ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിന് മധ്യത്തിലാണ് വിശ്വാസ പെരുമയില്‍ നിലകൊള്ളുന്ന സത്യപ്പാറ. റബ്ബര്‍മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന വിശാലമായ വനപ്രദേശത്തിലെ സത്യപ്പാറ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.
ഇവിടെ ഇന്ന് പൂജാരി സ്ഥാനം വഹിക്കുന്നത് മോഹനസ്വാമിയാണ്. ഇവിടെ എത്തി പൂജയും പൊങ്കാലയും നടത്തുന്നവര്‍ക്ക് ആഗ്രഹസാധ്യം ഉറപ്പാണ്. അതിനാല്‍തന്നെ കോവിഡ് കാലത്തും ഭക്തരുടെ പൂജ യഥേഷ്ടം തുടരുന്നു. ഏഴടി ഉയരമുള്ള പാറയാണ് പ്രധാനമൂര്ത്തിയെങ്കിലും മുന്നിലായി നന്ദികേശന്, ഗണപതി, നാഗരാജാവ്, ദേവി തുടങ്ങി നിരവധി ഉപദേവതാപ്രതിഷ്ഠകളുമുണ്ട്. ഇന്ന് ഇവിടെ കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയും ചെയ്തിട്ടുള്ളത് 49കാരനായ മോഹനസ്വാമിയാണ്.
ഇദ്ദേഹം ജന്മംകൊണ്ട് ശ്രീലങ്കക്കാരനാണ്. 1969ല്‍ ശ്രീലങ്കയിലെ നുകരളിയ എന്ന ചെറുഗ്രാമത്തില്‍ രാമനാഥന്-വള്ളിക്കണ്ണ് ദമ്പതികളുടെ മകനായി ജനിച്ചു, ശ്രീലങ്കയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച ആര്‍പിഎല്ലില്‍ ആദ്യകാലത്ത് എത്തിയ കുടുംബത്തിലെ അംഗമാണ് മോഹനന്. അഞ്ചുവയസ്സില്‍ ഇവിടെ എത്തിയ ഇദ്ദേഹം പിന്നീട് ജന്മദേശം കണ്ടിട്ടില്ല. ഇവിടെ ജോലിക്ക് 2004ല്‍ കയറിയതാണ്.
അമ്മയ്ക്കൊപ്പം സഹായിയായി എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴാണ് കാടുമൂടിയ ശിലാക്ഷേത്രവും പരിസരവും കാണുന്നത്. 2002ല്‍ തന്റെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് കാടു വെട്ടിത്തെളിച്ച് വിളക്ക് കത്തിച്ചുതുടങ്ങി. നൂറ്റാണ്ട് മുമ്പേ ക്ഷേത്രം നിലനിന്നിരുന്ന ഇവിടെ മൂര്‍ത്തിയെ സാക്ഷിയാക്കി സത്യം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. അതിനാല്‍ പണ്ടു മുതല്‍ ഇവിടം സത്യ പാറ എന്ന് അറിയപ്പെട്ടു വന്നു. അത് ഇന്നും തുടരുന്നു. പുനലൂരില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേളന്കാവിലും ഇവിടെ നിന്നും 7 കിലോമീറ്റര്‍ റബ്ബര്‍ എസ്റ്റേറ്റിലൂടെ സഞ്ചരിച്ച് ഈ കാനനക്ഷേത്രത്തിലും എത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: