പുനലൂര്‍: റിംഗ് കമ്പോസ്റ്റ് അഴിമതി വിവാദം സമഗ്രാന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കൗണ്‍സില്‍ അംഗീകാരം. പുനലൂര്‍ നഗരസഭയില്‍ ഏതാനും മാസങ്ങളായി റിംഗ് കമ്പോസ്റ്റ് പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളുമായി പ്രതിപക്ഷം സമരം നടത്തി വരികയായിരുന്നു. 2.62 കോടിരൂപയുടെ പദ്ധതി നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സര്‍ക്കാരിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
റിംഗ് കമ്പോസ്റ്റ് പദ്ധതിയില്‍ അപാകത ഇല്ലെന്നും അഴിമതിയെന്നത് പ്രതിപക്ഷഭാവന മാത്രമാണെന്നും സിപിഎം, സിപിഐ നേതൃത്വങ്ങള്‍ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. പദ്ധതി നടത്തിപ്പുകാര്‍ക്ക് ബില്‍ തുക മാറി നല്‍കിയാല്‍ തീരുമാനമെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധ്യത വരുമെന്ന് കാണിച്ച് നഗരസഭ പ്രതിപക്ഷ ഉപനേതാവ് ജി. ജയപ്രകാശ് ചെയര്‍മാനും സെക്രട്ടറിക്കും കത്ത് നല്‍കി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫീസ് പടിക്കല്‍ പല ദിവസങ്ങളില്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദവിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണസമിതി തീരുമാനിച്ചത്.
പദ്ധതി നടക്കാതെ പോയാല്‍ ഭരണനേതൃത്വം മറുപടി പറയണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രമക്കേട് ബോധ്യപ്പെട്ട് അന്വേഷണത്തിന് രേഖകള്‍ അയയ്‌ക്കാന്‍ തീരുമാനിച്ചതോടെ അഴിമതി തെളിഞ്ഞതായും ക്രമക്കേടു നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: