പാലക്കാട്: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയത്താണ് ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് പ്രതിപക്ഷം സമരം നടത്തിയത്.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലേക്കാണ് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഭവദാസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തിയത്. വനിത കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ കൃത്യമായ ശാരീരിക അകലം പോലും പാലിച്ചില്ല. നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന നഗരസഭയിലാണ് പ്രതിപക്ഷത്തിന്റെ സമര നാടകം.
ജൈനിമേട് ശ്മശാന ഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്തതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു പ്രതിഷേധം. ശേഷം കൗണ്‍സില്‍ ഹാളിലെത്തി ബഹളം വയ്ക്കുകയും യോഗം തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്റെ ക്യാബിനിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ചെയര്‍പേഴ്സന്റെയും വൈസ് ചെയര്മാന് സി. കൃഷ്ണകുമാറിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ഏറെനേരമാണ് യുഡിഎഫ് അംഗങ്ങള്‍ സാമൂഹിക അകലംപോലും പാലിക്കാതെ കാബിനില്‍ ബഹളം വെച്ച് നിന്നത്.
അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് ഇത്തരം സമരാഭാസങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, വിഷയത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പറഞ്ഞു.
ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ നഗരസഭയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: