അഖണ്ഡമണ്ഡലാകാരമാണ് എല്ലാം. ബിന്ദുവില്‍ നിന്നാരംഭിച്ച് ബിന്ദുവില്‍ തന്നെ ലയിക്കുന്നു. പ്രപഞ്ചം സമ്പൂര്‍ണ്ണമായി വൃത്ത സ്വരൂപമാണ്. സൗരയൂഥത്തിന്റെ സഞ്ചാര പഥങ്ങളും ഏതാണ്ട് വൃത്തരൂപമാണ്. പൂവിരിയുന്നതും പൂമ്പാറ്റ പറക്കുന്നതും വൃത്തരൂപത്തില്‍ തന്നെ. പ്രകൃതിയുടെ പാഠങ്ങളില്‍ നിന്ന് ജയറാം ചിത്രപ്പറ്റ എന്ന യുവ ചിത്രകാരന് സര്‍ക്കിളിസം എന്ന തന്റേതായ ശൈലി സ്വീകരിക്കുകയായിരുന്നു. ഗാന്ധി സീരീസ് എന്ന പേരില്‍ 1997ല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നിന്നാരംഭിച്ച് ദേശത്തും വിദേശങ്ങളിലും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി വരയുടെ മേഖലയില്‍ തന്റെതായ ഒരിടം സൃഷ്ടിച്ചിരിക്കുന്നു ഈ യുവ കലാകാരന്. ചിത്രകലയില്‍ പലരും നടന്ന വഴികളല്ല ഇത് പുതുവഴി.
മുംബൈയിലെ ജെ.ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നാണ് ചിത്രകല പഠിച്ചത്. അക്കാദമികളിലെ പഠന പരീശീലനങ്ങള്‍ ഡ്രോയിംഗ് അധ്യാപകര്‍ക്ക് ഗുണകരമാവും. എന്നാല്‍ ആവിഷ്കാരത്തിന് പരിശീലനത്തേക്കാള്‍ നൈസര്‍ഗികമായ പ്രതിഭയാണവശ്യം എന്ന് തെളിയിക്കുകയാണ് ജയറാം. സര്‍ക്കിളിസം എന്ന രചനാശൈലിയിലൂടെ ഗാന്ധിജിയും മദര്‍ തെരേസയുമെല്ലാം ജയറാമിന്റെ ബ്രഷിലൂടെ രൂപം പ്രാപിച്ചു. അബുദാബിയിലും മുംബൈയിലുമെല്ലാം പ്രദര്‍ശനങ്ങള്‍ക്ക് ആസ്വാദകരുടെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ത്രീ ആംഗിള്സ് ഓഫ് ഗാന്ധി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രകൃതിയുടെ താളം തെറ്റിക്കുന്നതാണ് ഇന്ന് മനുഷ്യന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ചിത്രകാരന് ഓര്‍മപ്പെടുത്തുന്നു. വൃത്തഭംഗം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു; വൃത്ത നിരാസവും. ബെംഗളൂരു വാന്‍ഗോഗ് ആര്‍ട്ട് ഗാലറിക്ക് വേണ്ടി ചിത്രം വരക്കുന്ന ജയറാം പറയുന്നു.
മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് ചിത്രരചനയില്‍ ജയറാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതീയ ദര്‍ശനങ്ങളെ ആഴത്തില്‍ തിരിച്ചറിഞ്ഞ കാലം. സ്വാഭാവിക വനം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ മനുഷ്യന് മതില് കെട്ടി ചതുരങ്ങളിലാക്കി തോട്ടം നിര്‍മിക്കുമ്പോള്‍ അത് കൃത്രിമമാകുന്നു. അവിടെ വൈവിധ്യങ്ങളില്ല.വൈവിധ്യമാണ് പ്രകൃതി, ജയറാം വിശ്വസിക്കുന്നു.
കോഴിക്കോട്ട് നടന്ന ആദ്യ പ്രദര്‍ശനത്തില്‍. ‘നിങ്ങള്‍ക്ക് വട്ടാണല്ലേ.’ എന്ന് പറഞ്ഞവരുണ്ട്. പിന്നീട് യൂസഫ് അറയ്ക്കല്‍, ബോസ് കൃഷ്ണമാചാരി, അഞ്ജലി ഇള മേനോന് തുടങ്ങിയവര്‍ ചിത്രങ്ങളെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. അറിയാത്തത് അന്വേഷിച്ച് കണ്ടെത്താന്‍ തയാറാവണം. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. മൂണ്‍ ആന്റ് ലില്ലി, കുതിരമുഖ, മദര്മങ്കി, ത്രീ ഏഞ്ചല്‍സ് ഓഫ് ഗാന്ധി, സണ്‍ ആന്റ് സണ്‍ഫ്ളവര്‍, ഗോപാലകന്, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ ചിത്രങ്ങള്‍ ചിത്രകലയിലെ വലിയ വാഗ്ദാനങ്ങളാണ്. ‘അര്‍ജുനന്റെ ആത്മനൊമ്പരങ്ങള്‍’ എന്ന ജയറാമിന്റെനോവല് ഗൗരവമുള്ള അഖ്യാനവും ആഴത്തിലുള്ള ചിന്തകളും കൊണ്ട് വായനക്കാരുടെ പ്രിയം നേടിയ പുസ്തകമാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി പരേതനായ പാലാപ്പുനത്തില് ഗോപാലന് നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ. ഭാര്യ: നിഷ. മക്കള്‍: ദര്‍ശ് ജയറാം, ശ്രീദത്ത്. കൊളത്തൂരിലാണ് താമസം. ചിത്രകാരന്, എഴുത്തുകാരന് എന്നതിന് പുറമെ കവി, അഭിനേതാവ്, പ്രാസംഗികന് എന്നീ നിലകളിലും ജയറാം ഏറെ ശ്രദ്ധേയനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: