ലഖ്നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് അന്തരിച്ചു. 85 വയസ്സായിരുന്നു. മകന് അശുതോഷ് ടണ്ഠനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ മുതല്‍ ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 11 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതോടെ നില വഷളായി.
ആര്‍എസ്എസിലൂടെയാണ് ലാല്‍ജി ടണ്ഠന് പൊതുരംഗത്ത് എത്തുന്നത്. അഞ്ച് പതിറ്റാണ്ടത്തെ പൊതുജീവിതത്തില്‍ 1978, 1984 ല്‍ ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലും 1990-96ല്‍ എംഎല്‍എയായും 1996 മുതല്‍ 2009 വരെ മൂന്ന് തവണ ലോക്സഭ എംപിയായും പ്രവര്‍ത്തിച്ചു. ബിഹാറിലും ഗവര്‍ണറായിട്ടുണ്ട്. ലാല്‍ജി ടണ്ഠന്റ നിര്യാണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 25വരെ അഞ്ച് ദിവസത്തെ ദു:ഖാചരണം നടത്തും. ബിജെപി-ബിഎസ്പി സഖ്യത്തില്‍ മായാവതി, കല്യാണ്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.
പ്രധാനമന്ത്രി അനുശോചിച്ചു
സമൂഹത്തിന് വേണ്ടി അശ്രാന്തമായി സേവനം നടത്തിയ വ്യക്തിയാണ് ലാല്‍ജി ടണ്ഠനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിച്ചിരുന്നു. കാര്യപ്രാപ്തിയുള്ള ഭരണാധികാരിയായ അദ്ദേഹം എപ്പോഴും പൊതുജന നന്മക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഭരണഘടനാപരമായ കാര്യങ്ങളില്‍ വലിയ അറിവുണ്ടായിരുന്നു. വാജ്പേയിയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നതായും മോദി അനുസ്മരിച്ചു.
ജീവിതം മുഴുവന്‍ ലാല്‍ജി ടണ്ഠന് പൊതുസേവനത്തിനായി സമര്‍പ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ആഴത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: