മുംബൈ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതില്‍ 37,000വും പൂനെ നഗരത്തില്‍ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 473 പേര്‍ക്കാണ് ജില്ലയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,343 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മരണനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.
മഹാരാഷ്ട്രയില്‍ വൈറസ് വ്യാപന നിരക്ക് ചേരികളേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളിലാണ്. ഇവിടങ്ങളില്‍ 108 ശതമാനത്തോളം പേര് വൈറസ് ബാധിതരായി. ചേരികളിലിത് 60 ശതമാനമാണ്. ലോക്ഡൗണിലെ ഇളവുകളില്‍ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ് സാഹചര്യം ഇത്രയും മോശമാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ 258 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 3.85 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. രാജ്യത്തെ മരണ നിരക്കിനേക്കാള്‍ കൂടുതലാണിത്. രാജ്യത്തിത് 2.5 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 9,518 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 3,10,455. ആകെ മരണം 11,854. 1,29,032 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗമുക്തരായവര്‍ 1,69,569.
മന്ത്രിക്ക് വൈറസ് ബാധ
മഹാരാഷ്ട്ര ടെക്സ്റ്റൈല്‍സ് മന്ത്രി അസ്ലം ഷെയ്ക്കിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും താന്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ മരണം 2,500
ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,500 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര് ചെന്നൈയില്‍ നിന്നാണ്.
4,979 പേര്‍ക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,059 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ ബാധിതര്‍ 1,70,693. രോഗമുക്തര്‍ 1,17,915. ഐസൊലേഷനില്‍ കഴിയുന്നവരുള്‍പ്പെടെ 50,294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ചെന്നൈയില്‍ 1,254 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടത്തെ ആകെ ബാധിതര്‍ 85,859. കഴിഞ്ഞ ദിവസം മാത്രം ചെന്നൈയില്‍ 1,189 പേര് രോഗമുക്തരായി. 15,042 പേര് ചികിത്സിലുണ്ട്.
തിരുവള്ളൂര്‍-405, ചെങ്കല്‍പ്പേട്ട്-306, വിരിദ്ധുനഗര്-262, കാഞ്ചീപുരം-220, മധുര-206 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ വൈറസ് ബാധിതര്‍.
എംഎല്‍എമാര്‍ക്ക് കൊറോണ
തമിഴ്നാട്ടില്‍ പുതുതായി മൂന്ന് ഡിഎംകെ എംഎല്‍എമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വെല്ലൂര്‍ എംഎല്‍എ പി. കാര്ത്തികേയന്, റാണിപത് എംഎല്‍എ ആര്. ഗാന്ധി, കൃഷ്ണഗിരി എംഎല്‍എ സെങ്കുട്ടുവന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്.
ഇവരെല്ലാം സ്വന്തം മണ്ഡലങ്ങളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരാണ്. ഇതുവരെ സംസ്ഥാനത്ത് 17 എംഎല്‍എമാരാണ് വൈറസ് ബാധിതരായത്. നാല് മന്ത്രിമാരും ഇവരില്‍ ഉള്‍പ്പെടുന്നു.
ദല്‍ഹിയില്‍ രോഗമുക്തി നിരക്ക് 83 ശതമാനം
ന്യൂദല്‍ഹി: വൈറസ്മുക്തരുടെ എണ്ണം ഉയര്‍ന്നതോടെ ദല്‍ഹിയിലെ രോഗമുക്തി നിരക്ക് 83 ശതമാനമായി. രാജ്യത്തേതിനേക്കാള്‍ 20 ശതമാനം കൂടുതല്‍. 62.82 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,03,134 പേരാണ് ദല്‍ഹിയിലിതുവരെ രോഗമുക്തരായത്.
1,211 പേര്‍ക്ക് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 31 പേര് കൂടി മരിച്ചു. ആകെ ബാധിതര്‍ 1,22,793. മരണം 3,628. 16,031 പേര് നിലവില്‍ ചികിത്സയില്‍. 8,18,989 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: