പാരിപ്പള്ളി: പത്തുവര്‍ഷത്തിലേറെയായി കിടപ്പിലായ രോഗിക്ക് സഹായവുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്. അമൃതയിലെ എസ്പിസിയുടെ പാലിയേറ്റിവ് യൂണിറ്റായ ‘കാഴ്ച്ച’ പദ്ധതിയുടെ ഭാഗമായാണ് കിടപ്പുരോഗിക്ക് സഹായവുമായി എത്തിയത്. പാരിപ്പള്ളി കുളമട കുന്നുംപുറത്ത് ഷെറിന് വിഹാറിലെ 67 വയസുള്ള ശശിധരന് പത്തുവര്‍ഷത്തിലേറെയായി കിടപ്പിലാണ്.
കാല്പാദത്തില് ഒരു വേദനയായിട്ടായിരുന്നു തുടക്കം. ആ വേദന പിന്നെ നട്ടെല്ലിനെ ബാധിച്ചു. ശ്രീചിത്രയടക്കം പല പ്രമുഖ ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗമെന്താണെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞില്ല. ഇടയ്ക്ക് ആയുര്‍വേദ ചികിത്സയും പരീക്ഷിച്ചു. അതിലും പുരോഗതിയൊന്നും ഉണ്ടായില്ല. ചികിത്സയുടെ ഭാഗമായി വീടും പുരയിടവുമെല്ലാം വിറ്റു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
ശശിധരന്റെ ഭാര്യ സുധ മുമ്പ് തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുമായിരുന്നു. ഇപ്പോള്‍ ശശിധരന്റെ അവസ്ഥ മോശമായത് കൊണ്ട് ജോലിക്ക് പോകാനും സാധിക്കുന്നില്ല. പെണ്മക്കള് രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. പക്ഷേ സഹായിക്കാനുള്ള സാഹചര്യം അവര്‍ക്കുമില്ല. വളരെ കഷ്ടപ്പെടുകയാണ് ഈ കുടുംബം.
അത്യാവശ്യ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാട്ടര്‍ ബെഡും എസ്പിസിയുടെ കൊല്ലം സിറ്റി എഡിഎന്‍ഒ പി. അനില്‍കുമാറും പിടിഎ പ്രസിഡന്റ് ജയചന്ദ്രനും ചേര്‍ന്ന് സുധയെ ഏല്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണന്, സിപിഒമാരയ എ. സുഭാഷ് ബാബു, എന്‍.ആര്. ബിന്ദു, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: