കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടൊപ്പം തന്നെ ആശങ്കയുണ്ടാക്കുന്ന മറ്റൊന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും രോഗം പടര്‍ന്നുപിടിക്കുന്നു എന്നത്. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, പരിചരിക്കുന്ന നഴ്സുമാര്‍ ഉള്പ്പടെയുള്ളരിലേക്കും രോഗം പകരുന്നത് രോഗ പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ പ്രതിസന്ധിയിലാക്കും. സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലുള്ളത്. ആ പ്രശ്നമാണ് അടിയന്തിരമായി പരിഹരിക്കേണ്ടതും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേതടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. കോറോണ പ്രതിസന്ധിയില്‍ രാജ്യത്ത് സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വിഭാഗമാണ്.
അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി കരുതാനാവില്ല. പലയിടങ്ങളിലും രോഗികളെ പരിചരിക്കുന്നവര്‍ക്ക് മാസ്കും കൈയ്യുറകളും മാത്രമേ സുരക്ഷയ്ക്കായി ഉള്ളൂ. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ( പിപിഇ) അഭാവം സംസ്ഥാനത്ത് നേരിടുന്നുണ്ടെങ്കില്‍ അതൊരു ഗുരുതര വീഴ്ച തന്നെയാണ്. ആരോഗ്യ വകുപ്പ് അധികൃതരും ജനങ്ങളും എല്ലാം അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതി ജാഗ്രത വേണ്ട അവസ്ഥ എന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞ സാഹചര്യത്തില്‍ അതിനു തക്ക ജാഗ്രത ആദ്യം വേണ്ടത് സര്‍ക്കാര്‍ ഭാഗത്തുനിന്നാണ്.
കോറോണയെ ചെറുക്കുന്നതില്‍ ഇടയ്ക്ക് സംഭവിച്ച പാളിച്ചയാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. പക്ഷെ, പരസ്പരം പഴിചാരിയതുകൊണ്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കില്ല.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരാണ് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അതുതന്നെയാണ് അവരുടെ മഹത്വവും. ആഴ്ചകളോളം വീട്ടിലേക്ക് പോലും പോവാന്‍ സാധിക്കാതെ കൊറോണ വാര്‍ഡില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും കേരളത്തില്‍ നിരവധിയാണ്. അതുപോലെ തന്നെയാണ് ശുചീകരണ ജോലിക്കാര്‍ അടക്കമുള്ള മറ്റു പ്രവര്‍ത്തകരും. ത്യാഗമനസ്ഥിതിയോടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരിലേക്കും രോഗം വ്യാപിക്കുന്നു എന്നത് സ്ഥിതി എത്ര മാത്രം രൂക്ഷമാകുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്കുന്നു. അത് ആശുപത്രിയിലെ മറ്റു വിഭാഗങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ള മറ്റ് രോഗികളെ ബാധിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചുവെന്ന് വരാം. അത്തരമൊരു സാഹചര്യം സംജാതമായിക്കൂടാ.
വേതനം പോലും ലഭിക്കാതെ, അതേസമയം ഈ പ്രതിസന്ധി സമയത്ത് പ്രതിഷേധിക്കാന്‍ പോലും സാധിക്കാതെ തങ്ങളുടെ ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കുന്നത് സമൂഹത്തോടും തൊഴിലിനോടും അവര്‍ക്കുള്ള പ്രതിബന്ധത കൊണ്ടാണ്. സ്വന്തം ജീവനേക്കാള്‍ ഉപരിയായി അവര്‍ മറ്റുള്ളവരെ കരുതുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് വേണ്ടുന്ന പരിരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ട്.
കൊറോണ പ്രതിരോധത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും ആശ വര്‍ക്കര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ചെയ്യുന്ന സേവനത്തെ കണ്ടില്ലെന്ന് നടിക്കരുത്. കോട്ടയത്ത് കൊറോണ രോഗികളെ ആശുപത്രികളിലെത്തിക്കുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നഗരസഭയുടെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ ചത്ത വണ്ടും മുടിയും കിട്ടിയ സംഭവത്തേയും നിസാരമായി കരുതാനാവില്ല. ഒരു രോഗത്തെ ചെറുക്കാന്‍ പെടാപ്പാടുപെടുമ്പോഴാണ് ഈ അനാസ്ഥ എന്നതും അധികൃതര്‍ ഓര്‍ക്കണം.
നിപ്പരോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് ജീവന് വെടിഞ്ഞ, കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റര്‍ ലിനിയെ കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല. കാരണം ആതുരസേവനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു ലിനി. അതേപോലെ സമര്‍പ്പിത മനസ്സോടെ, ഈ കൊറോണക്കാലത്ത് ജോലി ചെയ്യുന്ന നിരവധി നഴ്സുമാരും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കേരളത്തിലുണ്ട്. അവരില്‍ നിന്നും ഒരു ലിനി കൂടി ഉണ്ടാവാന്‍ നാം അനുവദിക്കരുത്. ചികിത്സ തേടിയെത്തുന്നവരുടേയും ചികിത്സിക്കുന്നവരുടേയും പരിചരിക്കുന്നവരുടേയും ജീവന്റെ വില ഒരുപോലെ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: