മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ എം. ശിവശങ്കര്‍ ഐഎഎസിനെ മുന്‍ നിര്‍ത്തി സിപിഐ മുഖ്യമന്ത്രിയേയും ഭരണത്തേയും ഓര്‍മിപ്പിക്കുന്നത് പഴയൊരു ചരിത്രം. പാര്‍ട്ടി പിളര്‍ത്താനും ഒരിക്കലും കമ്യൂണിസ്റ്റ്പാര്ട്ടികള് ലയിക്കാതിരിക്കാനും പ്രധാനിയായി നിന്ന സഖാവ് ഇഎംഎസിനോടടക്കമുള്ള കണക്കുതീര്ക്കലുംകൂടിയാണത്. പക്ഷേ, തുറന്നു പറയാന്‍ ധൈര്യം പോരാ.
എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ഘടകകക്ഷികളുടെ പൊതു ആവശ്യം നടന്നേക്കുമെങ്കിലും ആ അവസരവും ഇങ്ങനെയൊന്നിന് വിനിയോഗിക്കാന്‍ സിപിഐക്ക് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.
കള്ളസാക്ഷി പറഞ്ഞതിന് മുന്‍ പിന് നോക്കാതെ ഐഎഎസുകാരന് കളക്ടറെ പുറത്താക്കിയ മുഖ്യമന്ത്രി സി. അച്യുതമേനോനും അവസാന നിമിഷംവരെ കള്ളക്കച്ചവടക്കാരന്‍ ശിവശങ്കറിനെ സംരക്ഷിച്ച പിണറായി വിജയനുംതമ്മിലുള്ള പരസ്യമായ താരതമ്യ ചര്‍ച്ചയും സിപിഐ നേതാക്കള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, അധികാരത്തോടുള്ള കമ്യൂണിസ്റ്റുകളുടെ ആര്‍ത്തിയില്‍ സിപിഐയും പിന്നാക്കമല്ലാത്തതിനാല്‍ ഇതൊന്നും അവര്‍ പരസ്യമായി പറയുന്നില്ലെന്നു മാത്രം.
1972 -ല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അച്യുതമേനോന്, രാമന്‍കുട്ടി ഐഎഎസിനെ പുറത്താക്കിയത്. ഉദ്യോഗസ്ഥരെ ദുര്‍വിനിയോഗിക്കുന്നതില്‍ കുപ്രസിദ്ധരായ കമ്യൂണിസ്റ്റുകളുടെ ഭരണമാതൃക മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടില്ത്തന്നെ തുടങ്ങിയിരുന്നു. അധികാരികളുടെ രാഷ്ട്രീയ അടിമകളാകുന്ന സ്വഭാവം ഉദ്യോഗസ്ഥരിലും. രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെ, ചികിത്സയ്ക്ക് ജര്‍മനിയില്‍ പോയ ഇഎംഎസ് മടങ്ങിവരുമ്പോള്‍ കേരളം സ്വീകരിച്ചത് വന്‍ രാഷ്ട്രീയ വിവാദവുമായാണ്. കൂട്ടുകക്ഷിമന്ത്രി സഭയിലെ ആരോഗ്യമന്ത്രി ബി. വെല്ലിങ്ടണിന് എതിരേ നിയമനങ്ങളുടെ കാര്യത്തില്‍ സിപിഐ നേതാക്കള്‍ ഉയര്‍ത്തിയ അഴിമതിയാരോപണം രാഷ്ട്രീയക്കൊടുങ്കാറ്റായി.
സിപിഐ-സിപിഎം മൂപ്പിളമത്തര്‍ക്കവും അതിനു പിന്നിലുണ്ടായിരുന്നു. ഇഎംഎസ് ആകട്ടെ, മുന്നണിയിലൊന്നും ആലോചിക്കാതെതന്നെ വെല്ലിങ്ടണിനെതിരേ റിട്ടയേഡ് ജഡ്ജിനെ അധ്യക്ഷനാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ‘രാഷ്ട്രീയ കുരുട്ടുബുദ്ധി’ക്കാരനായ ഇഎംഎസ് അന്വേഷണ പരിധിയില്‍ സിപിഐ നേതാക്കളേയും മന്ത്രിമാരേയും പെടുത്തി. എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ് എന്നിവരെക്കുറിച്ചും അന്വേഷണം വന്നു. അവരെ ഉള്‍പ്പെടുത്താന്‍ ഐഎഎസുകാരനായ കളക്ടര്‍ രാമന് കുട്ടിയെ ഇഎംഎസ് വിനിയോഗിച്ചു. രാമന്‍കുട്ടി കമ്മീഷനില്‍ കള്ളസ്സാക്ഷി പറഞ്ഞു. സിപിഐ മന്ത്രിമാര്‍ രാജിവെച്ചു. ഒടുവില്‍ രണ്ടാം ഇഎംഎസ് സര്‍ക്കാരും വീണു. സി. അച്യുതമേനോന് കോണ്‍ഗ്രസ് സഹായത്തോടെ മുഖ്യമന്ത്രിയായി. ഈ വേളയിലാണ് രാമന്‍കുട്ടി ഐഎഎസിനെ കള്ള സാക്ഷി പറഞ്ഞുവെന്ന് തെളിഞ്ഞതിന് അച്യുതമേനോന് സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്. സുപ്രീം കോടതിവരെ പോയെങ്കിലും സസ്പന്ഷന് റദ്ദാക്കാന്‍ കഴിഞ്ഞതുമില്ല.
കള്ളസ്സാക്ഷി പറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കിയ മുഖ്യമന്ത്രി ഇരുന്ന കസേരയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന് കള്ളക്കടത്തുകാരനെ സംരക്ഷിക്കുന്നുവെന്നാണ് സിപിഐയുടെ വിശകലനം. പക്ഷേ തുറന്നുപറയാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഐ വേറേ മുന്നണിയിലേക്ക് പോകാതിരിക്കാനായിരുന്നു അന്ന് സിപിഐ മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം നടത്തിയതെന്ന് പില്ക്കാലത്ത് ഇഎംഎസ് വെളിപ്പെടുത്തിയിരുന്നു. ആരേയും ചതിക്കുന്നത് കമ്യൂണിസ്റ്റ് ശൈലി ആയതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും പരസ്പര വിശ്വാസമില്ലായ്മ ഇന്നും തുടരുകയാണ്.
ഇഎംഎസ് നേതാവായിരിക്കെ മന്ത്രിസഭയില്‍ കുറുമുന്നണിയുണ്ടാക്കാന്‍ പോലും ശക്തമായിരുന്ന സിപിഐക്ക് ഇന്ന് പഴയ കരുത്തില്ല. സിപിഐയെ ഒഴിവാക്കി യുഡിഎഫിലെ മറ്റു ചില കക്ഷികളെ ഒപ്പംകൂട്ടാന്‍ പോലും സിപിഎം ആലോചിക്കുന്ന വേളയില്‍ പുറത്തുവന്ന സ്വര്‍ണക്കള്ളക്കടത്ത് രാഷ്ട്രീയ അവസരമാക്കണമെന്ന വാദത്തിലാണ് സിപിഐ നേതൃത്വത്തില്‍ ഒരു വിഭാഗം. സിപിഎമ്മില്‍ പിണറായി വിജയന് എതിരേ ഉയര്‍ന്നിട്ടുള്ള വിയോജിപ്പ് മുതലെടുക്കണമെന്നും അവര്‍ പറയുന്നു. പക്ഷേ, നിര്‍ണായക തീരുമാനം കൈക്കൊള്ളേണ്ട സമയത്ത് സിപിഐയുടെ പ്രമുഖ നേതാക്കളില്‍ ചിലര്‍ മുഖ്യമന്ത്രി പിണറായിയുടെ കളിപ്പാവയായി മാറിയിരിക്കുന്നതാണ് തടസം.
എന്നാല്‍, അച്യുതമേനോന് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ 50 ാം വാര്‍ഷികത്തില്‍, 2020 ജനുവരി ഒന്നിലെ ചടങ്ങില്‍ ‘ആ മുഖ്യമന്ത്രിയുടെ നാവു പൊന്തുന്നില്ലെ’ന്നാണ് പിണറായി പറഞ്ഞത്. അങ്ങനെ പറഞ്ഞ മുഖ്യമന്ത്രിയോടു പകതീര്ക്കണമെന്നാണ് അണികളുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: