ശാസ്താംകോട്ട: ഇരുനൂറിലധികം പേരുടെ സ്രവ പരിശോധനാ ഫലം വരാനിരിക്കെ ഇന്നും നാളയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയില്ലെന്ന അറിയിപ്പ് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിതീവ്ര വ്യാപനമേഖലയായ ആഞ്ഞിലിമൂട് രാജഗിരി പ്രദേശത്തുള്ളവരുടെ സ്രവ പരിശോധനാഫലമാണ് അറിയാനുള്ളത്. അതേ പോലെ ഇന്നും നാളയും ടെസ്റ്റ് നടത്താന്‍ ടോക്കണ്‍ നല്കിയിട്ടുള്ളതും ഈ പ്രദേശത്തുള്ളവരാണ്. സാങ്കേതിക തകരാറ്കാരണം ടെസ്റ്റ് നടത്താന്‍ കഴിയില്ലന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച അറിയിച്ചു. എന്നാല്‍ ദ്രുത പരിശോധന നടക്കും.
ശാസ്താംകോട്ട, ആഞ്ഞിലിമൂട്, രാജഗിരിപ്രദേശങ്ങളില് തുടങ്ങിയ കോവിഡ് വ്യാപനം കുന്നത്തൂര്‍ താലൂക്കിലെ മറ്റ് പഞ്ചായത്തുകളില്‍ കൂടി വര്‍ധിച്ചതോടെ കണ്ടൈന്‍മെന്റ് സോണായ അഞ്ചുപഞ്ചായത്തുകള്‍ പോലീസിന്റെ കടുത്ത നിയന്ത്രണത്തിലായി. മിക്ക പഞ്ചായത്തുകളിലും രോഗസ്ഥിരീകരണമുണ്ടായങ്കിലും ശാസ്താംകോട്ടയിലും ശൂരനാട്ടുമാണ് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപന ഭീഷണി കൂടുതലായി നിലനില്‍ക്കുന്നത്. പത്തുദിവസത്തിനുളളില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്കാണ് ശാസ്താംകോട്ട, ആഞ്ഞിലിമൂട്, രാജഗിരി പ്രദേശങ്ങളില്‍ രോഗ വ്യാപനമുണ്ടായത്. കഴിഞ്ഞദിവസം വീണ്ടും രണ്ടുപേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇനി എണ്‍പതോളംപേരുടെ സ്രവ പരിശോധനാഫലം ലഭിക്കാനുമുണ്ട്.
ശൂരനാട് തെക്ക് പഞ്ചായത്തില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവ്യാപാരികളുടെ സമ്പര്‍ക്കപ്പട്ടിക ഭീതി പരത്തുന്നതാണ്. വാഹനങ്ങളില്‍ കൊണ്ടുനടന്നും തുടര്‍ന്ന് സ്റ്റാളുകളിലുമായി മത്സ്യക്കച്ചവടം നടത്തുന്ന ഇരുവരുടെയും നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ നാല്‍പ്പത്തി അഞ്ചോളം പേരും രണ്ടാംനിര സമ്പര്‍ക്കത്തില്‍ നൂറിലധികം പേരുമാണ് ഉള്ളത്. ഇവിടെ ഇന്നലെ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പോലീസ് പഴുതടച്ചുള്ള നടപടി സ്വീകരിച്ചാലേ രോഗം നിയന്ത്രിക്കാനാകൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച ശൂരനാട് തെക്ക് പഞ്ചായത്തില്‍ പ്രധാന റോഡുകള്‍ ഒഴികയുള്ള ഇടവഴികള്‍ എല്ലാം പോലീസ് വേലി കെട്ടി അടച്ചു. മാലുമേല്‍ കടവിലും ആയിക്കുന്നത്തുമായി രണ്ട് പോലീസ് പിക്കറ്റും സ്ഥാപിച്ചിട്ടുണ്ട്. പോരുവഴിയില്‍ ഒരാഴ്ച മുമ്പ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതല്ലാതെ പിന്നീടൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം പകരുന്നതാണ്. ശൂരനാട് വടക്കും കൂടുതല്‍ വ്യാപനമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഈ പ്രദേശങ്ങളെല്ലാം കണ്ടൈന്‍മെന്റ് സോണിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: