നെടുങ്കണ്ടം: രാമക്കല്‍മേട്ടിലൂടെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 2.2 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ തമിഴ്നാട്ടിലെ വന മേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടു. കൊല്ലം സ്വദേശികളായ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
യുവാക്കള്‍ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഒരാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം കല്ലുവാതില്‍ക്കല്‍ ആസിയാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളുടെ വിവിധ രേഖകള്‍ വാഹനത്തില്‍ നിന്നും ലഭിച്ചു.
കൊല്ലം സ്വദേശികളായ നാല് യുവാക്കള്‍ രാമക്കല്‍മേട്ടില്‍ കഞ്ചാവ് ശേഖരിയ്ക്കുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപെട്ടെങ്കിലും നിര്‍ത്താതെ അതിവേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. എക്സൈസ് സംഘം പിന്തുടര്ന്നെങ്കിലും ബംഗ്ലാദേശ് കോളനിയ്ക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയില്‍ വാഹനം ഉപേക്ഷിച്ച് ഇവര്‍ തമിഴ്നാട് വനമേഖലയിലേയ്ക്ക് കടന്നു.
നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് അതിര്‍ത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടത്താനായില്ല. തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, ഓഫീസര്‍മാരായ ബാലന് കെ.ആര്, രാജന് കെ.എന്‍, ഓഫീസര്‍മാരായ ലിജോ ജോസഫ്, അനൂപ് കെ.എസ്, നൗഷാദ് എം, സന്തോഷ് തോമസ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: