ആലപ്പുഴ: പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ എഴുപത് വയസ്സുകാരന് കോവിഡ് നെഗറ്റീവായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കുട്ടനാട് സ്വദേശിയായ രോഗിയ്ക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ലഭിച്ച കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇയാളുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം വ്യാപനം കൂടിയ നിലയില്‍ പാലിയേറ്റീവ് ചികില്‍സയില്‍ ആയിരിക്കുമ്പോള്‍ ആണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് വിമുക്തയായിട്ടുണ്ട്. രണ്ടു പേരും കോവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
രോഗം ഭേദമായ കോവിഡ് രോഗികളില്‍ നിന്നും അവരുടെ രക്തത്തില്‍ രോഗത്തിന് എതിരെ ഉള്ള ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ നിലവില്‍ അതിതീവ്ര അവസ്ഥയില്‍ തുടരുന്ന രോഗികള്‍ക്ക് നല്കി അവരെ രോഗ മുക്തിയിലേക്ക് നയിക്കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ, പ്ലാസ്മ തെറാപ്പി നല്കാന്, കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിക്കുകയായിരുന്നു.
രോഗിക്ക് അമിത രക്തസമ്മര്‍ദം ഹൃദ്രോഗം, ശ്വാസകോശത്തിനു അര്‍ബുദം എന്നിവയും ന്യൂമോണിയ, എആര്‍ഡിഎസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്നു. ഈ രോഗിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് പ്ളാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ മാത്യുവും ഗ്രേഡ് വണ്‍ ഉദ്യോഗസ്ഥന് രാജേഷും തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ചാണ് പ്ലാസ്മ എത്തിച്ചത്. ഈ സമയം കൊടുക്കേണ്ട മറ്റു മരുന്നുകളും ഐസിയു ചികിത്സയും തുടര്‍ന്നു. പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മിയും സൂപ്രണ്ട് ഡോ. രാംലാലും മാത്യുവിനെയും രാജേഷിനെയും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: