വ്യാസപ്രതിഭയുടെ പ്രകാശ തീരങ്ങളിലാണ് ഭാരതീയ സംസ്കൃതി വളര്‍ന്നു പന്തലിച്ചിട്ടുള്ളതെങ്കിലും ആ പ്രതിഭയുടെ ഉറവകള്‍ തേടിയുള്ള അന്വേഷണം അത്രയധികം നടന്നിട്ടുണ്ടെന്നു പറഞ്ഞുകൂടാ. വ്യാസന് ആരാണ്, അദ്ദേഹത്തിന്റെ ജീവിത കഥ എന്താണ് എന്നൊക്കെ കുട്ടികള്‍ക്ക് പുറത്തു കൊടുക്കുവാന്‍ ടി. വിജയന് എഴുതിയിട്ടുള്ള ബാലസാഹിത്യ നോവലാണ് വ്യാസകഥ.
യമുനയുടെ തീരത്ത് മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്ന ജരുതന്റെ മകള്‍ സത്യവതിയുടെയും പരാശര മഹര്‍ഷിയുടെയും മകനായി ജനിച്ച കൃഷ്ണന് എന്ന കൃഷ്ണ ദൈ്വപായനനാണ് പില്ക്കാലത്ത് വ്യാസന് എന്ന മഹാപ്രതിഭയായി വളര്‍ന്നത്. ദ്വീപില്‍ ജനിച്ചതുകൊണ്ടാണ് കൃഷ്ണദൈ്വപായനന്‍. പിന്നീടുള്ള വ്യാസകഥകള് സര്‍വ്വ വിദിതമാണുതാനും. എങ്കിലും ശ്രീമദ് മഹാഭാരത ഭാഗവതാദി ഗ്രന്ഥങ്ങളുടെ രചനകളും, കുരുക്ഷേത്രത്തിലെ ഇടപെടലുകളും ശ്രീകൃഷ്ണനുമായുള്ള സംവാദങ്ങളുമൊക്കെ ഉണ്ടാവുന്നതിന് മുന്‍പ് വ്യാസന് നടന്നു കയറിയ പടവുകളിലൂടെയുള്ള സാഹസികമായ യാത്രയുടെ കഥയാണ് ഈ പുസ്തകം.
യമുനയുടെ പശ്ചാത്തലത്തില്‍ അച്ഛനെ പ്രതീക്ഷിച്ചിരിക്കുന്ന മകന് കൃഷ്ണന്റേയും അമ്മ സത്യവതിയുടെയും സംഭാഷണത്തിലൂടെയാണ് കഥാരാംഭം. കല്പി ദ്വീപിലെ ജരുതന്റെ വസതിയില്‍ പരാശരനെത്തി മകനെയും കൂട്ടി ആരംഭിക്കുന്ന യാത്രയിലാണ് അച്ഛന്, മകന് ചെയ്യേണ്ട കടമകളെക്കുറിച്ച് അറിയിക്കുന്നത്. വസിഷ്ഠന്റെ പരമ്പരയില്‍പ്പെട്ട പരാശരന് ഗോദലി ആശ്രമത്തിലെ പത്തു വര്‍ഷത്തെ താമസത്തിനിടെ മകനെ വേദ രഹസ്യങ്ങളെല്ലാം പഠിപ്പിച്ചു. തുടര്‍ന്നാണ് ഭാരത സന്ദര്‍ശനത്തിനുള്ള പുറപ്പാട്. മകന് കുരുക്ഷേത്രത്തിലേക്കു പോകണമെന്നും, അവിടെ തകര്‍ന്നുപോയ ആശ്രമം പുനഃസ്ഥാപിക്കണമെന്നും അച്ഛന് അന്ത്യാഭിലാഷമായി അറിയിക്കുമ്പോള്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് മുതലാണ് വ്യാസന്റെ അതിസാഹസികമായ യജ്ഞങ്ങള്‍ ആരംഭിക്കുന്നത്.
അഥര്‍വവേദത്തിന്റെ ആചാര്യനായ ജാബാലിയും വസിഷ്ഠനും തമ്മിലുള്ള വൈരം അവസാനിപ്പിച്ച് ധര്‍മസംരക്ഷണം നടത്തുവാന്‍ കൃഷ്ണന് നിശ്ചയിക്കുന്നു. അതിനു കുരുക്ഷേത്രം പുനരുദ്ധരിക്കുവാന്‍ ഹസ്തിനപുരത്തിലെത്തിച്ചേരുന്ന കൃഷ്ണന് അവിടെ തന്റെ മാതാവായ സത്യവതിയെ കണ്ടുമുട്ടുന്നു. ശന്തനു മഹാരാജാവിന്റെ കൊട്ടാരത്തില്‍ രാജ്ഞിയായി കഴിഞ്ഞ സത്യവതിയും മകനും തമ്മിലുള്ള സമാഗമം വികാര നിര്‍ഭരമായി ഗ്രന്ഥകാരന് അവതരിപ്പിച്ചിരിക്കുന്നു. അഞ്ചാമത്തെ വയസ്സില്‍ പിരിഞ്ഞ മകനെ അമ്മ തിരിച്ചറിയുന്നു. തന്റെ കഥകള്‍ മകനെ പറഞ്ഞു കേള്‍പ്പിക്കുന്നു. മഹാരാജാവിന്റെ രോഗം ഭേദപ്പെടുത്തുവാന്‍ താന്‍ കൈവരിച്ചിട്ടുള്ള സിദ്ധികളിലൂടെ കൃഷ്ണന് കഴിയുന്നു. ഭീഷ്മനുമായി പരിചയപ്പെടുന്നു. ഭാരത വര്‍ഷത്തിന്റെ ക്ഷാത്രവീര്യം ഉണര്‍ത്തുവാന്‍ വാജപേയ യാഗം നടത്തി ഭിന്നിച്ച സംന്യാസി പരമ്പരയെ കുരുക്ഷേത്ര ഭൂമിയില്‍ ഒന്നിപ്പിക്കുവാന്‍ കൃഷ്ണന് കഴിഞ്ഞു.
ശാക്തിക ചേരികളുടെ യുദ്ധസന്നാഹത്തില്‍ വേദനിക്കുന്ന പ്രപഞ്ച മനസ്സാക്ഷിയാണ് വ്യാസന്. ആ വേദനയുടെ നെരിപ്പോടില്‍ എരിഞ്ഞമരുന്ന ഒരു വംശ കഥ എക്കാലത്തേയും മനുഷ്യരാശിക്കറിയുവാന് വേണ്ടി രചിച്ചതാണ് ശ്രീമദ് മഹാഭാരതം. അതിലില്ലാത്തതായി ഒന്നുമില്ല. ലോകത്തു നടക്കുന്നതിനൊക്കെ സാക്ഷിയായി നില്‍ക്കാനാണ് തന്റെ നിയോഗം എന്ന് വ്യാസന് തുറന്നു പറയുന്നുണ്ട്. ശിഷ്യനായ പൈലന് ബ്രഹ്മസൂത്രം ഉപദേശിക്കുന്നതും, ഗണപതിയെക്കൊണ്ട് മഹാഭാരതം എഴുതിക്കുന്നതും തുടങ്ങി വ്യാസജന്മത്തിലെ അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും ഗ്രന്ഥകാരന് സൂക്ഷ്മതയോടെ ചൂണ്ടിക്കാട്ടുന്നു.
മഹാഭാരത കഥയ്ക്ക് മുഴുവന്‍ സാക്ഷിയായും കക്ഷിയായും നിറഞ്ഞുനില്ക്കുന്ന കൃഷ്ണദൈ്വപായനന്റെ വൈയക്തിക ജീവിതത്തിലേക്ക് വെളിച്ചം വീശുകയും, ഒരു ദേശത്തിന്റെയും സംസ്കൃതിയുടെയും അടിസ്ഥാന ശിലകള്‍ ഉറപ്പിക്കുകയും ചെയ്ത് ഭഗവാനായി വാഴ്ത്തപ്പെടുന്ന വ്യാസനെക്കുറിച്ച് ഇങ്ങനെയൊരു ഗ്രന്ഥം തയ്യാറാക്കിയ ടി.വിജയന് ഒരു പുണ്യകര്‍മമാണ് നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ നാടിന്റെ പൈതൃകം അറിയുവാന്‍ താല്‍പ്പര്യമുള്ള സുമനസ്സുകള്‍ക്കും ഏറെ വിലപ്പെട്ടതാണ് ഈ ഗ്രന്ഥം. 104 പുറങ്ങളില്‍ ഒതുക്കി ഓജസ്സുള്ള ഭാഷയില്‍ നാടകീയമായി രചിച്ചിട്ടുള്ള വ്യാസകഥ ചുരുങ്ങിയ പക്ഷം ഹിന്ദുക്കളെങ്കിലും വായിച്ചിരിക്കേണ്ടതാണ്. വേദങ്ങള്‍ സംഗ്രഹിക്കുകയും, ഇതിഹാസ പുരാണങ്ങള്കൊണ്ട് ഭാരതത്തിന്റെ യശസ്സ് കാലാതിവര്ത്തിയാക്കുകയും ചെയ്ത വ്യാസന് എങ്ങനെ ജനഹൃദയത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കുന്നുവെന്നറിയാന്‍ സഹായകമായ ഈ ഗ്രന്ഥത്തിന് ഒരു കുങ്കുമപ്പൊട്ടുപോലെ പ്രശസ്ത കവി എസ്. രമേശന് നായരുടെ അവതാരിക ശോഭിക്കുന്നു. വളരെ നല്ല വായനാനുഭവം സമ്മാനിക്കുന്ന ഗ്രന്ഥകാരന് നന്മ നേരുന്നു.
ഡോ. അമ്പപ്പുഴ ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: