മൂന്നാര്‍: ദേവികുളം ഗ്യാപ്പില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റോഡിലേക്ക് വീണ കൂറ്റന്‍ പാറക്കെട്ടുകൾ നീക്കം ചെയ്യുന്നത് വെല്ലുവിളിയാണെന്നും കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്നെത്തിയ വിദഗ്ദ സംഘം.
ഗ്യാപ്പില്‍ കഴിഞ്ഞ ജൂണ്‍ 17ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നായിരുന്നു എന്‍ഐടിയിലെ മൂന്നംഗ സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസര്‍മാരായ ചന്ദ്രാകരന്‍, ശശീന്ദ്രന്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പരിശോധനകള്‍ നടത്തിയത്. ഒരാഴ്ചയ്‌ക്കകം ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. ഗ്യാപ്പിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തിന് താഴെയായി താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും എന്‍ഐടി സംഘം പറഞ്ഞു.
അനിയന്ത്രതമായ അളവില്‍ അനധികൃതമായി പാറപൊട്ടിച്ചതിനോടൊപ്പം പാളികളായുള്ള മണ്ണിന്റെ ഘടനയും അപകടത്തിന് കാരണമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. തടസമില്ലാതെ വെള്ളം ഒഴുകിപ്പോകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: