കൊട്ടാരക്കര: അഴിമതിയില്‍ മുങ്ങിയ നെടുവത്തൂര്‍ സഹകരണ ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നില്പ് സമരം സംഘടിപ്പിച്ചു.
ബാങ്കിന്റെ കല്ലേലി ശാഖയ്ക്ക് മുന്നില്‍ മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്, ജനറല്‍ സെക്രട്ടറി കെ.ആര്. രാധാകൃഷ്ണന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍ .ശിവരാമന് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നെങ്കിലും കഴിഞ്ഞദിവസമുണ്ടായ ഹെക്കോടതി ഉത്തരവിനെ മാനിച്ച് ഒറ്റയാള്‍ സമരം മതിയെന്ന് തീരുമാനിച്ചു.
പ്ലക്കാര്‍ഡ് പിടിച്ച് പുല്ലാമല ബൂത്ത് പ്രസിഡന്റ് സത്യന് പുല്ലാമല നില്പ് സമരം നടത്തി. ക്രമക്കേട് കാട്ടിയ സെക്രട്ടറിയെയും അവണൂര്‍ ശാഖയുടെ മാനേജരെയും സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി അധികൃതര്‍ക്ക് കത്തുകള്‍ അയയ്ക്കും, തുടര്‍സമരങ്ങളും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: