തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണത്തില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്. രാജ്യം വിട്ട യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ ദൗര്‍ബല്യം സംഭവിച്ചു എന്ന് ഇപ്പോള്‍ താന്‍ കാണുന്നില്ലന്നും പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അറ്റാഷെ മടങ്ങിപ്പോയതോടെ ഗണ്‍മാന്റെ തോക്ക് തിരികെ പോലീസ് തിരികെ വാങ്ങി. അറ്റാഷെ മടങ്ങി പോയിട്ടും ഗണ്മാന് തോക്ക് തിരികെ എആര്‍ ക്യാംപില്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പോലീസ് സംഘം ഗണ്‍മാന്റെ വീട്ടില്‍ എത്തി തോക്ക് പിടിച്ചെടുക്കുകയായിരുന്നു.
സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തുറക്കാനുള്ള കസ്റ്റംസ് നീക്കത്തെ ശക്തമായി എതിര്‍ത്തത് യുഎഇ കോണ്‍സിലിലെ അറ്റാഷെ റാഷദ് അല്‍ ഷെമെയ്ലിയാണ്. അറ്റാഷെയുടെ പേരിലാണ് കഴിഞ്ഞ 30ാം തീയതി ബാഗ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാന്‍ അനുവദിക്കില്ലെന്നും തുറക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സരിത്തിനൊപ്പം എത്തിയ അറ്റാഷെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അറ്റാഷെയുടെ സാന്നിധ്യത്തില്‍ തന്നെ അഞ്ചിന് ബാഗ് തുറക്കുയും സ്വര്‍ണം പിടികൂടുകയും ചെയ്തു. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പിടിയിലായ സ്വപ്നയും അറ്റാഷെയ്ക്കെതിരെ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: