പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് ന്യൂദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയേണ്ടിവന്നതിന്റെ പ്രതീകാത്മക സ്വഭാവം സോണിയാ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. എസ്പിജി സംരക്ഷണം പിന്‍വലിച്ചതിനുശേഷം 35 ലോധി എസ്റ്റേറ്റില്‍ അനധികൃതമായി താമസിച്ചുപോന്ന പ്രിയങ്കയോട് വാടകയിനത്തിലെ കുടിശിക തീര്‍ത്ത് ഒഴിഞ്ഞുപോകാന്‍ നഗരവികസന മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. എസ്പിജിയുടെ ഇസഡ് പ്ലസ് സംരക്ഷണം പ്രധാനമന്ത്രിക്കും അടുത്ത ബന്ധുക്കള്‍ക്കും, അഞ്ചുവര്‍ഷത്തേക്ക് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കുമായി 2019 നവംബറില്‍ നിയമഭേദഗതിയിലൂടെ പരിമിതപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സോണിയയ്ക്കും മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും ലഭിച്ചുവന്നിരുന്ന സംരക്ഷണം ഇല്ലാതെയായി.
ഇവര്‍ക്ക് വധഭീഷണിയൊന്നുമില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ അവലോകനത്തില്‍ കണ്ടെത്തിയിരുന്നു. എസ്പിജി സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് 1997 മുതല്‍ പ്രിയങ്കയ്ക്ക് സര്‍ക്കാരിന്റെ ആഡംബര ബംഗ്ലാവ് അനുവദിച്ചത്. എസ്പിജി സംരക്ഷണം പിന്‍വലിച്ചിട്ടും എട്ടുമാസമായി പ്രിയങ്ക സര്‍ക്കാര്‍ വസതിയില്‍ അനധികൃതമായി താമസിക്കുകയാണ്. വാടക വളരെ തുച്ഛമായിരുന്നിട്ടും ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തി.
പാര്‍ട്ടിയെ രക്ഷിക്കുന്നതില്‍ അമ്മ സോണിയ പരാജയപ്പെട്ടിടത്താണ് മകന് രാഹുല്‍ അധ്യക്ഷ പദവിയിലെത്തിയത്. കഴിവുകേടുകളുടെ പര്യായമായ മകന് പരാജയത്തിന്റെ പരമ്പര തീര്‍ത്തപ്പോള്‍ മകള്‍ പ്രിയങ്കയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കി മുകളില്‍നിന്ന് കെട്ടിയിറക്കി. അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്തുതിപാഠകര്‍ ആവേശംകൊണ്ടെങ്കിലും പപ്പുവിന്റെ സ്വന്തം അനുജത്തിയായി മാറുകയായിരുന്നു. ഇന്ദിരയുടെ ചെറുമകളാണ് താനെന്ന് സ്വയം അഹങ്കരിച്ചും, ഇന്ദിരയെപ്പോലെ സാരിചുറ്റിയും മുടിമുറിച്ചും അഭിനയിച്ചു നടന്നിട്ടും പാര്‍ട്ടി അനിവാര്യമായ പതനത്തിലേക്കു നീങ്ങിയതോടെ പ്രിയങ്കയുടെ കഴിവുകേട് പകല്‍പോലെ വ്യക്തമായി. എന്നിട്ടും ലജ്ജയില്ലായ്മയുടെ രാഷ്ട്രീയം പിന്തുടര്ന്ന് പൊള്ളയായ അവകാശവാദങ്ങളുമായി നടക്കുമ്പോഴാണ് ദല്‍ഹിയിലെ ആഡംബര വസതി ഒഴിയേണ്ടി വന്നത്.
സംഘടനാപരവും രാഷ്ട്രീയവുമായ തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ്സിന് കരകയറാനാവില്ലെന്ന് ആ പാര്‍ട്ടിയിലെ മന്ദബുദ്ധികളല്ലാത്ത എല്ലാ നേതാക്കള്‍ക്കും അറിയാം. എന്നിട്ടും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായ നെഹ്റു കുടുംബത്തിലെ വ്യാജഗാന്ധിമാരെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
”അനുഭവ സമ്പത്തുള്ള ദേശീയ നേതൃത്വത്തിന് കീഴില്‍ പുരോഗമനപരമായ ഒരു പാര്‍ട്ടി രാജ്യത്തിന് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം” എന്ന് ശശി തരൂര്‍ ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. ഇതൊരു വിമര്‍ശനമാണ്. സോണിയ-രാഹുല്‍-പ്രിയങ്ക മൂവര്‍ സംഘത്തെയാണ് തരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. മോദി-അമിത് ഷാ ടീമിനെ നേരിടാന്‍ രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ടിന് കഴിയുമെന്ന് ദിഗ്വിജയ് സിങ്ങിനെപ്പോലുള്ളവര്‍ പറയുന്നതിന്റെ മനഃശാസ്ത്രം മറ്റൊന്നാണ്. പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന നിലയ്ക്കുള്ള അസ്തിത്വം പാടെ നശിച്ചുപോകുകയും, പ്രാദേശികമായ തുരുത്തുകളായി അവശേഷിക്കുകയും ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്സ്. നെഹ്റു കുടുംബത്തിലെ അവശിഷ്ടങ്ങളെ പ്രസാദിപ്പിച്ച് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറാന്‍ കഴിയുമോയെന്നാണ് പല കോണ്‍ഗ്രസ്സ് നേതാക്കളും നോക്കുന്നത്. കമല്‍നാഥ് ഇങ്ങനെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. ഇങ്ങനെയൊരു മോഹമാണ് ദിഗ്വിജയ് സിങ്ങിനുമുള്ളത്. സോണിയ കുടുംബത്തിന്റെ വിനീതവിധേയനായി മാറിയിരിക്കുന്ന കെ.സി. വേണുഗോപാലു പോലും ആഗ്രഹിക്കുന്നത് അവസരം ഒത്തുവന്നാല്‍ എ.കെ. ആന്റണിയെപ്പോലെ ഒരു സുപ്രഭാതത്തില്‍ പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കാനാണ്.
”ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിവുള്ളവര്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ സ്ഥാനമില്ല. ഓരോ സംസ്ഥാനത്തും ഇത് കാണാം” എന്ന് മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എംപി പറയുന്നതില്‍ കോണ്‍ഗ്രസ്സ് നേരിടുന്ന പ്രതിസന്ധി തെളിഞ്ഞുകാണാം. സാധാരണ ഗതിയില്‍ കഴിവുള്ളവര്‍ ഏതൊരു പാര്‍ട്ടിക്കും മുതല്‍ക്കൂട്ടാണ്. കോണ്‍ഗ്രസ്സില്‍ അങ്ങനെ സംഭവിക്കാതിരിക്കുന്നതിന് കാരണം നെഹ്റു കുടുംബത്തിന്റെ വാഴ്ചയാണ്. പി.വി. നരസിംഹറാവുവിനെയും പ്രണബ് മുഖര്‍ജിയെയും പോലെ കഴിവുള്ളവര്‍ ഉണ്ടായിരിക്കെയാണ് അനുഭവ സമ്പത്തോ രാഷ്ട്രീയ പരിചയമോ തീരെയില്ലാത്ത സുന്ദര വിഡ്ഢിയായ രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലും പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തും പ്രതിഷ്ഠിച്ചത്. ഇതുതന്നെയാണ് സോണിയയുടെയും മക്കളുടെയും കാര്യത്തില്‍ സംഭവിച്ചത്. വലിയ വര മായ്ച്ചു കളഞ്ഞ് ചെറുതിനെ വലുതാക്കി കാണിക്കുന്ന രീതിയാണിത്. സോണിയയും രാഹുലും പ്രിയങ്കയുമടങ്ങുന്ന മൂവര്‍ സംഘം കോണ്‍ഗ്രസ്സിനെ നയിക്കുന്ന കാലത്തോളം കഴിവും അന്തസ്സുമുള്ളവര്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാനാവില്ല. സ്തുതിപാഠകരായ ബുദ്ധിമാന്മാര്ക്ക് പദവികള്‍ ലഭിക്കും. ആത്മാഭിമാനം ഇല്ലാത്ത ഇവരെ നയിക്കുന്നത് സ്ഥാപിത താല്‍പ്പര്യങ്ങളാണ്.
രാജസ്ഥാന് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നും സച്ചിന് പൈലറ്റിന് പുറത്തുപോകേണ്ടി വന്ന സാഹചര്യം കൃത്യമായും ഇതാണ്. നെഹ്റു കുടുംബത്തിന്റെ വിധേയനായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും, അങ്ങനെയൊരു വിധേയത്വം ഇഷ്ടപ്പെടാത്ത സച്ചിന് പൈലറ്റും തമ്മിലാണ് ഏറ്റുമുട്ടല്‍. സ്വാഭാവികമായും സച്ചിന് പുറത്തുപോകേണ്ടിവന്നു. കാരണം ഈ കളിയില്‍ അമ്പയര്‍മാര്‍ നിഷ്പക്ഷരല്ല. ഒരര്‍ത്ഥത്തില്‍ ഇതൊരു തനിയാവര്‍ത്തനമാണ്. 2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. വിജയശില്‍പ്പി സച്ചിനായിരുന്നു. പക്ഷേ പ്രിയങ്ക വാദ്രയെ സ്വാധീനിച്ച് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. സച്ചിന് മുഖ്യമന്ത്രിയായാല്‍ തങ്ങളുടെ താളത്തിനു തുള്ളില്ലെന്ന് അറിയാവുന്നതിനാലാണ് മൂവര്‍ സംഘം അവസരം നിഷേധിച്ചത്.
കോണ്‍ഗ്രസ്സ് ഇന്ന് ഒരമ്മയുടെയും രണ്ട് മക്കളുടെയും മാത്രം പാര്‍ട്ടിയാണ്. ഇവര്‍ക്ക് വിടുപണി ചെയ്യുന്നവര്‍ക്കു മാത്രമേ സ്ഥാനമാനങ്ങള്‍ ലഭിക്കുകയുള്ളൂ. മധ്യപ്രദേശില്‍ കമല്‍നാഥ് ചെയ്തതും, രാജസ്ഥാനില്‍ ഗെഹ്ലോട്ട് ചെയ്യുന്നതും മറ്റൊന്നല്ല. രാജസ്ഥാനിലെ കമല്‍നാഥാണ് ഗെഹ്ലോട്ട്. മധ്യപ്രദേശിലെ ഗെഹ്ലോട്ടാണ് കമല്‍നാഥ്. സഭയില്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമായിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കമല്‍നാഥ് പയറ്റിയ തന്ത്രങ്ങളാണ് അധികാരം കൈവിട്ടുപോകാതിരിക്കാന്‍ അല്‍പ്പസ്വല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തി ഗെഹ്ലോട്ടും പ്രയോഗിക്കുന്നത്. ഇത്തരം ബലപരീക്ഷണങ്ങളില്‍ ഇനിയുള്ള കാലം കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്റ് രാഷ്ട്രീയം വിജയിക്കാന്‍ പോകുന്നില്ല. കാരണം കേന്ദ്രത്തില്‍ ആ പാര്‍ട്ടിക്ക് അധികാരമില്ല. ഈ അധികാരം ഉപയോഗിച്ചാണല്ലോ നെഹ്റു കുടുംബം സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചിരുന്നത്.
ബിജെപിയും മോദിയും ചേര്‍ന്ന് കോണ്‍ഗ്രസ്സ് മുക്ത ഭാരതം സൃഷ്ടിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. ഇന്നലെ അത് ജ്യോതിരാദിത്യ സിന്ധ്യയായിരുന്നെങ്കില്‍ ഇന്ന് സച്ചിന് പൈലറ്റാണ്. നാളെ അത് ഉത്തര്‍പ്രദേശിലെ ജിതിന് പ്രസാദ ആയിരിക്കും. ജിതിന് രൂപം നല്‍കിയിരിക്കുന്ന ബ്രാഹ്മിന്‍ ചേതന പരിഷത്ത് സ്വന്തമായി ഒരു വോട്ട് ബാങ്ക് ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ്.
മുസ്ലിം പ്രീണന നയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് ഭരണത്തെ മുഗള്‍വാഴ്ചയോട് ഉപമിക്കാറുണ്ട്. മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന കാലത്തോട് താരതമ്യപ്പെടുത്താവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ്. സമ്പൂര്‍ണ പതനം സുനിശ്ചിതമാണ്. അവസാന രംഗത്തിലെ കഥാപാത്രങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കുമാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: