തിരുവനന്തപുരം: കോവിഡ് കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള കാരണം പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും തലയില്‍ കെട്ടിവച്ച സര്‍ക്കാരിന്റെ നടപടി അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .
കേരളം കോവിഡ്19 മഹാമാരിയുടെ സമൂഹവ്യാപനത്തിന്റെ അരികില്‍ നില്ക്കുമ്പോള് അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്കു പോകുമെന്ന് ഉമ്മന്‍ ചാണ്ടി.പറഞ്ഞു.
കോവിഡ് പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ച പ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനത്തിനു മുന്നോടിയായുള്ള 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും രോഗികളുടെ എണ്ണം 300നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ 600നു മുകളിലെത്തി. സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം.
ലളിതവും ചെലവു കുറഞ്ഞതുമായ ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം നിലവില്‍ 3,000 എന്നത് പതിന്മടങ്ങാക്കണം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ സമൂഹവ്യാപനത്തിന്റെ വ്യാപ്തി മനസിലാക്കാനും രോഗം അതിവേഗം പടരുന്നത് തടയാനൂം സാധിക്കുകയുള്ളു. 50 ശതമാനം രോഗികള്‍ രോഗലക്ഷണം കാണിക്കാതിരിക്കുന്നതുകൊണ്ടു തന്നെ കൂടുതല്‍ ടെസ്റ്റുകള്‍ അനിവാര്യമാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യത്തിന് മെഡിക്കള്‍ സ്റ്റാഫ് ഇല്ലായെന്നത് ലോകമെമ്പാടുമുള്ള വലിയ വെല്ലുവിളിയാണ്. എന്നാല്‍ 2 ലക്ഷം ബിഎസ്സി നഴ്സുമാരും 80,000 ഡോക്ടര്‍മാരുമുള്ള കേരളത്തില്‍ അതൊരു പ്രശ്നമേയല്ല. സ്വകാര്യമേഖലയെക്കൂടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. കേരളത്തില്‍ ഇത്രയധികം മെഡിക്കല്‍ സ്റ്റാഫും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഉണ്ടായതിന്റെ നേട്ടം ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന് കേന്ദ്രങ്ങളില്‍ നിന്ന് പരാതികള്‍ പ്രവഹിക്കുകയാണ്. പലയിടത്തും യാതൊരു സൗകര്യങ്ങളുമില്ല. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുമുണ്ട്. ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പലയിടത്തും സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: