തിരുവനന്തപുരം:കൊവിഡ്- 19 ന്റെ സമൂഹ വ്യാപനം തടയുന്നതില്‍ ഓരോവ്യക്തിക്കും സുപ്രധാന പങ്കാണുള്ളതെന്ന് സംസ്ഥാന കൊവിഡ്- 19 നോഡല്‍ ഓഫീസര്‍ ഡോ . അമര്‍ ഫെറ്റല്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്രീച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫേസ്ബുക് ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ തങ്ങളുടെ മാത്രമല്ല , സ്വന്തം കുടുംബത്തെയും സമൂഹത്തെ ഒട്ടാകെ തന്നെയും അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരോ വ്യക്തിയും ബ്രേക്ക് ദി ചെയിന്‍ പാലിക്കുകയും , ക്വാറന്റൈനിലുള്ളവര്‍ നിയമലംഘനം നടത്താതിരിക്കുകയും ചെയ്താല്‍ സമൂഹ വ്യാപനത്തിലേയ്ക്ക് എത്താതിരിക്കാന്‍ കഴിയുമെന്ന് ഡോ .അമര്‍ ഫെറ്റല്‍ പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുകയും, ഇറങ്ങുമ്പോള്‍ , മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ തുടങ്ങിയവ കൃത്യമായി പാലിക്കണം. സന്ദര്‍ശിച്ച സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ സ്വന്തമായി കുറിച്ച് സൂക്ഷിക്കുന്നതും നല്ലതാണ് .വായും മൂക്കും നല്ല വണ്ണം മൂടത്തക്ക വിധത്തില്‍ മുഖാവരണം ധരിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ . കൊവിഡ് പരിശോധന ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ദിശ ഹെല്പ് ലൈനുമായി ബന്ധപ്പെട്ട് ,(DISHA -O471 2552056 ,ടോള്‍ ഫ്രീ-1056), അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രം ചെയ്യുക.. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്ല ഭക്ഷണം കൃത്യമായ സമയത് കഴിക്കണം. ഭക്ഷണത്തില്‍ ഇലവര്‍ഗ്ഗങ്ങള്‍ , പഴങ്ങള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തണം. കൃത്യമായ വ്യായാമവും , നല്ല ഉറക്കവും അനിവാര്യമാണ്. പിരിമുറുക്കം ഒഴിവാക്കന്‍ യോഗ ,ധ്യാനം, പ്രാര്‍ത്ഥന, ഇഷ്ട ഹോബ്ബികള്‍ തുടങ്ങി ഉചിതമായ ഏത് മാര്‍ഗവും ശീലിക്കുന്നത് നല്ലതാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഡോ . ഫെറ്റല്‍ ചൂണ്ടിക്കാട്ടി.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ചികിത്സ സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്നത് എപ്പോഴും ഓര്‍മ്മ വേണം. കണ്ടൈന്‍മെന്റ് സോണുകളില്‍ പോകാതിരിക്കുന്നതുള്‍പ്പെടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ പാലിക്കാതെ അലക്ഷ്യമായി നടക്കുന്നവര്‍ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറും.
കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാസ്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കല്‍ , ഹോം ക്വാറന്റൈന് , റിവേഴ്സ് ക്വാറന്റൈന് , വിവിധ തരം പരിശോധനകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്കും ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന പരിപാടിയില്‍ ഡോ .അമര്‍ ഫെറ്റല്‍ മറുപടി നല്കി. റീജിയണല്‍ ഔട്രീച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: