തൃശൂര്‍: മുളകുന്നത്തുകാവ് ഗവ.മെഡി.കോളേജില്‍ അത്യാസന്ന നിലയിലുള്ള മറ്റൊരു കൊറോണ രോഗിയ്ക്ക് കൂടി പ്ലാസ്മാതെറാപ്പി നല്കി. രോഗമുക്തി നേടിയ ചെങ്ങാലൂര്‍ സ്വദേശി സോണി (34) ആണ് ബ്ലഡ് ബാങ്കിലെത്തി പ്ലാസ്മാദാനം നടത്തിയത്. ഗവ.മെഡി. കോളേജ് ബ്ലഡ് ബാങ്കില്‍ അടുത്തിടെ സ്ഥാപിച്ച നൂതന സംവിധാനമായ അഫറസിസ് യന്ത്രത്തിലൂടെയാണ് കണ്‍വാലസന്റ് പ്ലാസ്മ വേര്‍തിരിച്ചെടുത്തത്.
രോഗമുക്തി നേടിയ ദാതാവില്‍ നിന്നെടുക്കുന്ന രക്തഘടകമായ പ്ലാസ്മയില്‍ വൈറസിനെതിരായ ആന്റിബോഡി ഉണ്ടാകും. 200 മി.ലി. വീതമുള്ള 2 ഡോസ് ആണ് രോഗിയ്ക്ക് നല്‍കിയത്.ഇതിന് മുമ്പ് 3 കൊറോണ രോഗികള്‍ക്കാണ് ഗവ.മെഡി.കോളേജില്‍ പ്ലാസ്മാതെറാപ്പി നല്‍കിയത്. അതില്‍ 2 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. പ്ലാസ്മാ തെറാപ്പിയ്ക്ക് വിധേയരായ നിലവിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുഴിക്കാട്ടുശ്ശേരി ഡേവീസ് ആന്റണി, ചാവക്കാട് അമ്മുണ്ണി, ഒല്ലൂര്‍ സ്വദേശി രതീഷ് എന്നിവരാണ് ഇതിന് മുമ്പ് പ്ലാസ്മാ ദാനം ചെയ്തവര്‍.
പ്ലാസ്മ ദാനം ചെയ്ത സോണി, അബുദാബിയില്‍ പെട്രോളിയം റിഫൈനറിയില്‍ ടെക്നീഷ്യനായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗവ. മെഡി. കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 8ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം 20 വരെ വീട്ടില്‍ ക്വാറന്ൈനിലായിരുന്നു. രക്തബാങ്ക് മേധാവി ഡോ.ഡി.സുഷമ, ഡോ. പി.കെ. ഇന്ദു, ഡോ. പി. എസ്. അഞ്ജലി, സയന്റിഫിക് അസിസ്റ്റന്റ് ടി. സത്യനാരായണന് എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോ. പി.എന്‍. ശ്രീജിത്താണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: